ന്യൂഡല്‍ഹി: രോഹിണി ജില്ലാ കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. ഡി.ആര്‍.ഡി.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയയെയാണ് ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.അയല്‍വാസിയായ അഭിഭാഷകന്‍ അമിത് വസിഷ്ഠിനെ വകവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു കട്ടാരിയ സ്ഫോടനം ആസൂത്രണം ചെയ്തത്. ശത്രുതയിലായിരുന്ന ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി നിയമയുദ്ധത്തിലായിരുന്നെന്നും അന്വേഷണസംഘം പറഞ്ഞു. ഇക്കഴിഞ്ഞ ഒമ്പതിനാണ് രോഹിണി കോടതിയില്‍ സ്ഫോടനമുണ്ടായത്. അന്ന് വസിഷ്ഠ് ഒരു കേസില്‍ ഹാജരാകുന്നുണ്ടായിരുന്നു.
ഏഴു കേസുകളാണ് വസിഷ്ഠ്, കട്ടാരിയയ്ക്കെതിരേ നല്‍കിയിരുന്നത്. കട്ടാരിയ അഞ്ചു കേസുകള്‍ തിരിച്ചും കൊടുത്തു. കട്ടാരിയയ്ക്കെതിരേ അഭിഭാഷകന്‍ വിജിലന്‍സിലും പരാതി നല്‍കിയിരുന്നു. ഇതിന്റെയെല്ലാം കണക്കുതീര്‍ക്കാനായിരുന്നു കട്ടാരിയയുടെ ശ്രമം. ചോദ്യംചെയ്യലില്‍ പ്രതി ഇക്കാര്യങ്ങള്‍ സമ്മതിച്ചെന്നും പോലീസ് പറയുന്നു. ബോംബ് ഉണ്ടാക്കിയതും ചോറ്റുപാത്രത്തില്‍ വച്ച ബോംബ് കോടതിയുടെ പന്ത്രണ്ടാം മുറിയില്‍ കൊണ്ടുവച്ചതുമെല്ലാം താന്‍ തന്നെയാണെന്നു കട്ടാരിയ സമ്മതിച്ചു. ഐ.ഇ.ഡി. ഉപയോഗിച്ചുള്ള പൊട്ടിത്തെറിയായിരുന്നു ലക്ഷ്യം. ”ഷാര്‍പ് നെയില്‍” അടക്കമുള്ളവ കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതാണ് രക്ഷയായത്. അതിനാല്‍, ചെറുസ്ഫോടനമേ നടന്നുള്ളൂവെന്നും പോലീസ് പറഞ്ഞു.സ്ഫോടനദിവസം കോടതി വളപ്പിലുണ്ടായിരുന്ന കാറുകള്‍ ഉള്‍പ്പെടെ എല്ലാ ദൃശ്യങ്ങളും പോലീസ് സി.സി. ടിവിയിലൂടെ പരിശോധിച്ചു. നൂറോളം ക്യാമറകളാണ് പരിശോധിച്ചത്. ഇതിനു പുറമേ സ്ഫോടനവേളയില്‍ കണ്ടെടുത്ത ബാഗും പരിശോധിച്ചു.
ബാഗിന്റെ ലോഗോയില്‍നിന്ന് അത് പുറത്തിറക്കിയ കമ്പനി ഏതെന്ന് തിരിച്ചറിഞ്ഞു. പക്ഷേ, ഈ ബാഗിന്റെ ഉല്‍പാദനം 2006-ല്‍ നിര്‍ത്തിയതാണെന്ന് അവര്‍ പറഞ്ഞു. സ്റ്റോക്ക് ലിസ്റ്റ് പരിശോധിച്ചതോടെ പോലീസ് പ്രതിയിലേക്കു കൂടുതല്‍ അടുത്തു. ബോംബ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ ഓണ്‍െലെനില്‍ കിട്ടുന്നവയാണെന്നും അന്വേഷണസംഘം തിരിച്ചറിഞ്ഞു.