‘അമ്മ’ തിരഞ്ഞെടുപ്പ് ഡിസംബർ 19 ന് : മോഹൻലാൽ വീണ്ടും പ്രസിഡന്റാകും.

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയായപ്പോൾ ഇരുവർക്കും എതിരാളികളില്ല. 2021 ഡിസംബർ 19 നാണ് തിരഞ്ഞെടുപ്പ്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യ, ട്രഷറർ സ്ഥാനത്തേക്ക് സിദ്ദിഖ് എന്നിവർക്കും എതിർസ്ഥാനാർത്ഥി കളില്ല.രണ്ട് വൈസ് പ്രസിഡന്റ് , 12 നിർവാഹക സമിതി അംഗങ്ങൾ എന്നിവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും.ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മോഹൻലാൽ പാനലിലെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ.മുകേഷ്, ജഗദീഷ്, മണിയൻപിള്ള രാജു എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിക്കുമെന്നാണ് സൂചന.

മൂന്നു സ്ഥാനങ്ങളിലേക്ക് ഷമ്മി തിലകൻ പത്രിക നൽകിയെങ്കിലും ഒപ്പിടാത്തതിനാൽ തള്ളി. പത്രികയിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്താത്തതിനാൽ ഉണ്ണി ശിവപാലിന്റെ പത്രികയും സ്വീകരിച്ചില്ല.കമ്മിറ്റിയിലേക്ക് ഹണിറോസ്, മഞ്ജുപിള്ള, ലെന, രചന നാരായണൻകുട്ടി, ബാബുരാജ്, നിവിൻ പോളി, സുധീർ കരമന, ടൊവിനോ തോമസ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, ലാൽ, വിജയ്ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.ബുധനാഴ്ച വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →