റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാ പഞ്ചായത്തിലും ശുദ്ധജലം ലഭ്യമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

November 28, 2021 - 8:47 pm

ഇടുക്കി: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.  ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഹരിത കേരളം മിഷന്റെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ജലഗുണ പരിശോധന ലാബുകളുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലം വീടുകളില്‍ എത്തിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  

പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആരോഗ്യ മേഖലയ്ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.  മാലിന്യങ്ങളുടെ വര്‍ദ്ധനവ് ജലജന്യ രോഗങ്ങളുടെ വളര്‍ച്ചയ്ക്ക് ഒരു പരിധി വരെ കാരണമായിട്ടുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതയിലുണ്ടായ മാറ്റവും വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് കെമിസ്ട്രി ലാബുള്ള ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജലഗുണ പരിശോധന ലാബുകള്‍ അനുവദിച്ചത്. 5 നിയോജക മണ്ഡലങ്ങളിലായി 35 സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ട്. പ്രഥമികമായി 600 പരിശോധനാ കിറ്റ് ഓരോ സ്‌കൂളിനും നല്‍കിയിട്ടുണ്ട്. ഈ ലാബുകളില്‍ എത്തി ആളുകള്‍ക്ക് തങ്ങളുടെ കിണറ്റിലെയോ കുളത്തിലെയോ ജലം പരിശോധിക്കാം. വകുപ്പ് തലത്തില്‍ ഈ പദ്ധതിയ്ക്ക് വേണ്ടുന്ന പ്രാധാന്യം നല്‍കും. കൂടാതെ രണ്ടാം ഘട്ടമായി ജില്ലയില്‍ കെമിസ്ട്രി ലാബുള്ള എല്ലാ ഹൈസ്‌കൂളുകളിലും- ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ലാബുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

വാഴത്തോപ്പ് പഞ്ചായത്ത്  പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.എസ് മധു പദ്ധതി വിശദീകരിച്ചു.

ജില്ലയില്‍ ജല ലാബുകള്‍ക്കായി 45.04 ലക്ഷം രൂപയാണ് ആകെ ചിലവഴിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആണ് ലാബുകളുടെ നിര്‍മ്മാണം ഏറ്റെടുത്തു സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ഉടുമ്പന്‍ചോല -9, ദേവികുളം- 6, തൊടുപുഴ 5, ഇടുക്കി -10, പീരുമേട്-9 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

സ്‌കൂള്‍ പ്രഥമ അധ്യാപികയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ ഒരു ഷീ ടോയ്‌ലറ്റിനുള്ള ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോസ്, രാജു ജോസഫ്,  വിന്‍സെന്റ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോസമ്മ സെബാസ്റ്റ്യന്‍, ഹയര്‍ സെക്കന്ററി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് ഇഗ്‌നേഷ്യസ്, ഹരിത കേരള മിഷന്‍ ജീവനക്കാര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *