ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

കോലഞ്ചേരി : എം.സി റോഡ് പുല്ലുവഴി കനാൽപാലത്തിന് സമീപം ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ബൈക്കി​ലുണ്ടായി​രുന്ന യുവാവും വിദ്യാർത്ഥിയും തത്ക്ഷണം മരിച്ചു. മണ്ണൂർ കൂരിക്കമാരിൽ സാജു മാധവന്റെയും പരേതയായ കാർത്ത്യായനിയുടെയും മകൻ സനൽസാജു (20), മണ്ണൂർ മണപ്പാട്ട് പുത്തൻപുരയിൽ സുനിലിന്റെയും രാജിയുടെയും ഏക മകൻ ഹരികൃഷ്ണൻ(17) എന്നിവരാണ് മരിച്ചത് 2021 നവംബർ 27 ശനിയാഴ്ച വൈകിട്ട് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം.

സനൽ സാജു ചുമട്ടുതൊഴിലാളിയും ഹരികൃഷ്ണൻ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ളസ് ടു വിദ്യാർത്ഥിയുമാണ്. പെരുമ്പാവൂരിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ആംബുലൻസ്.രോഗിയെ ഇറക്കിയശേഷം മടങ്ങുംവഴി പുല്ലുവഴി കനാൽ പാലത്തിനും തായിക്കാട്ട് ചിറക്കും ഇടയിലാണ് അപകടമുണ്ടായത്. ബൈക്കിലുളളവർ റോഡിലേക്ക് മറിഞ്ഞുവീഴുന്നത് കണ്ടവരുണ്ട്. പക്ഷെ ഒരാളെ റോഡിൽനിന്ന് കണ്ടെത്തിയെങ്കിലും രണ്ടാമനെ കണ്ടെത്തിയിരുന്നില്ല.

പിന്നീട് ഇരുഭാഗത്ത് നിന്നുമെത്തിയ വാഹനയാത്രക്കാർ നടത്തിയ പരിശോധനയിലാണ് അപകടസ്ഥലത്തുനിന്ന് ഇരുന്നൂറ് മീറ്റർ മാറ്റി നിറുത്തിയ എർട്ടിഗ കാറിനടിയിൽ ഉടക്കിയ നിലയിൽ ഹരികൃഷ്ണനെ കണ്ടെത്തിയത്.പിന്നിൽ വന്ന കാറിന്റെ അടിയിലേക്ക് വീണ് കുരുങ്ങുകയായിരുന്നു .കാർ പൊക്കിയെടുത്താണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറുപ്പംപടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. സനലിന്റെ സഹോദരി: സാന്ദ്ര

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →