കൊച്ചി: തന്നെയും പിതാവിനെയും മൊബൈൽ ഫോൺ മോഷ്ടാക്കളായി മുദ്രകുത്തി പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാം ക്ളാസ് വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രന്റെ മകളാണ് ഹർജി സമർപ്പിച്ചത് .പൊലീസ് വാഹനത്തിൽ നിന്ന് മൊബൈൽ ഫോൺ എടുത്തെന്ന് ആരോപിച്ച രജിത തന്നെ കള്ളിയെന്ന് വിളിച്ച് അപമാനിച്ചെന്ന് ഹർജിയിൽ പറയുന്നു.
പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയ്ക്കെതിരെ പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് കൂടുതൽ സൗകര്യപ്രദമായ കൊല്ലത്തേക്കാണ്.രജിതയ്ക്കെതിരെ മാതൃകാപരമായ നടപടിക്ക് ഉത്തരവ് നൽകണമെന്നും ഹർജിയിൽ പറയുന്നു. മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിലുണ്ട്.
2021 ആഗസ്റ്റ് 27 നായിരുന്നു സംഭവം .പിന്നീട്, ഫോൺ പൊലീസ് വാഹനത്തിൽ തന്നെ കണ്ടെത്തിയെങ്കിലും മാപ്പ് പറയാൻ ഉദ്യോഗസ്ഥ തയ്യാറായില്ല. മാനസികമായി തകർന്ന തനിക്ക് കൗൺസലിംഗിന് വിധേയയാകേണ്ടിവന്നതായും ഹർജിയിൽ പറയുന്നു.