തിരുവനന്തപുരം : 2022 ജനുവരി മുതൽ എല്ലാ സേവനങ്ങളും ഓൺലൈനാക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ കർശന നിർദ്ദേശം നൽകി .തദ്ദേശ വകുപ്പിൽ അഴിമതി തുടർക്കഥയായതോടെ, ഉദ്യോഗസ്ഥരും ജനങ്ങളും നേരിട്ട് ബന്ധപ്പെടാനുള്ള സാദ്ധ്യതകൾ പൂർണമായി അവസാനിപ്പിക്കുന്നു. വകുപ്പിൽ കാലങ്ങളായി നടപ്പാക്കുന്ന ഓൺലൈൻ സംവിധാനങ്ങൾ അട്ടിമറിച്ച് ഉദ്യോഗസ്ഥർ അഴിമതി തുടരുന്ന പശ്ചാത്തലത്തിലാണ്, ഓൺലൈൻ സംവിധാനങ്ങൾ നടപ്പാക്കാൻ ചുമതലയുള്ള ഇൻഫർമേഷൻ കേരള മിഷന് അന്ത്യശാസനം. പോരായ്മകൾ പരിഹരിച്ച് സോഫ്റ്റ്‌വെയറുകൾ ജനുവരിയോടെ കാര്യക്ഷമമാക്കണമെന്നാണ് നിർദ്ദേശം.
തിരുവനന്തപുരം കോർപറേഷനിൽ വിവാദമായ നികുതി വെട്ടിപ്പിന് കളമൊരുങ്ങിയത് സോഫ്‌റ്റ്‌വെയർ കാര്യക്ഷമമാക്കുന്നതിലെ പോരായ്മയാണ്. നികുതി അടയ്‌ക്കാനുള്ള സഞ്ചയ എന്ന സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കാത്തത് മുതലാക്കിയാണ് ഉദ്യോഗസ്ഥർ നികുതി പിരിവ് നേരിട്ടാക്കി കൊള്ളയടി പതിവാക്കിയത്.
സ്ഥിരം ജീവനക്കാരും കരാർ, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പടെ നൂറുകണക്കിന് ജീവനക്കാരാണ് ഐ.കെ.എമ്മിലുളളത്.
2001ലാണ് തദ്ദേശസ്ഥാപനങ്ങൾ ഐ.ക.എം സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുതുടങ്ങിയത്. ആദ്യ സോഫ്റ്റ് വെയുകളിലൊന്നാണ് നികുതി അടയ്ക്കുന്നതിനുള്ള സഞ്ചയ.അത് ഒരടി നുന്നോട്ട് പോയിട്ടില്ല. ബിൽഡിംഗ് പെർമിറ്റ് നൽകാനുള്ള സങ്കേതം സോഫ്റ്റ്‌വെയർ പരാജയപ്പെട്ടതോടെ പൂനെയിലെ സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയർ വാങ്ങി ഉപയോഗിക്കുകയാണ്.വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സേവന സോഫ്റ്റ് വെയറുണ്ടെങ്കിലും അപേക്ഷ നൽകാനും മറ്റ് നടപടികൾക്കും ആവശ്യക്കാർ ഓഫീസിലെത്തണം. അവസാനഘട്ടത്തിൽ ഡൗൺലോഡ് ചെയ്യാൻ മാത്രമാണ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്.
വികെ പ്രശാന്ത് മേയറായിരുന്നപ്പോൾ തിരുവനന്തപുരം കോർപറേഷൻ സ്വന്തംനിലയിൽ നികുതി പിരിക്കാൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.വീടുകളിലെത്തുന്ന ബിൽ കളക്ടർമാർ സ്വൈപ്പിംഗ് മെഷീൻ ഉപയോഗിച്ച് പിരിക്കുന്ന പണം ബാങ്ക് അക്കൗണ്ടിലെത്തിയിരുന്നു,മേയർ മാറിയതോടെ അതും അട്ടിമറിച്ചു.



