സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിനിമ ഷൂട്ടിംഗുകള്‍ തടഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടനും എം.എല്‍.എയുമായ മുകേഷ് ആയിരുന്നു വിഷയം സഭയില്‍ ഉന്നയിച്ചത്.

ഒരു പൗരന്‍ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചുവെന്ന് മുകേഷ് പറഞ്ഞു.

തങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ആരെയും ജീവിക്കാനനുവദിക്കില്ല, തൊഴില്‍ ചെയ്യാന്‍ സമ്മതിക്കില്ല എന്ന് തീരുമാനിച്ചു അക്രമം സംഘടിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തില്‍ വിലപ്പോകുന്ന രീതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഉള്ളിലുള്ള ഫാസിസ്റ്റ് പ്രവണതയും അസഹിഷ്ണുതയുമാണ് പുറത്തേക്ക് വരുന്നത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്,’ പിണറായി പറഞ്ഞു.

ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്.

ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്നം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലുള്ളതാണെന്നു മാത്രം കരുതാനാവില്ല. വ്യക്തിയോടുള്ള വിദ്വേഷം മുന്‍നിര്‍ത്തിയുള്ള സംഘടിത നീക്കമായി അതിനെ ചുരുക്കി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →