പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ തടയും; കെ പി സി സിയെ തള്ളി യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: സിനിമ ഷൂട്ടിംഗ് തടഞ്ഞുള്ള സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി ആവശ്യപ്പെട്ട കാര്യം പരിഗണിക്കുമെന്നും അതേസമയം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞു.

‘സിനിമ മേഖലയെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കുന്ന സമീപനം സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. കെ.പി.സി.സി ആവശ്യപ്പെട്ട കാര്യം സംസ്ഥാന സമിതി ഗൗരവതരമായി പരിഗണിക്കും. പക്ഷെ ജോജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനം അംഗീകരിക്കുവാനും പൊറുക്കുവാനും കഴിയില്ല,’ നുസൂര്‍ പറഞ്ഞു.

നേരത്തെ വഴി തടസപ്പെടുത്തിയുള്ള സിനിമ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി യോഗത്തില്‍ തീരുമാനമായിരുന്നു.

സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്.

വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം