ചെന്നൈ: തമിഴ്നാട്ടില്‍ തലസ്ഥാനമായ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്നലെ രാവിലെ എട്ടരവരെ 36 ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയില്‍ മാത്രം 21-23 സെന്റീമീറ്റര്‍ മഴ ലഭിച്ചു. 2015നു ശേഷം നഗരത്തില്‍ പെയ്ത ഏറ്റവും ശക്തമായ മഴയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നുങ്കമ്പാക്കത്തും അമ്പാട്ടൂരിലും 21 സെന്റീമീറ്ററും എം.ജി.ആര്‍. നഗറില്‍ 17 സെന്റീമീറ്ററും അണ്ണാ യൂണിവേഴ്സിറ്റിയില്‍ 16 സെ.മീയും പുഴല്‍, താരമണി, മീനമ്പാക്കം എന്നിവിടങ്ങളില്‍ യഥാക്രമം 15, 13, 11 സെന്റീമീറ്റര്‍ മഴ ലഭിച്ചു.പ്രധാനറോഡുകളിലടക്കം വെള്ളം കയറിയതു ഗതാഗതക്കുരുക്കിനു വഴിവച്ചു. ചെന്നൈ ഉള്‍പ്പെടെ നാലു ജില്ലകളില്‍ അടുത്ത രണ്ടുദിവസം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചൈന്നെക്കു പുറമേ തിരുവാലൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകളി-ലാണ് അവധി. അഡയാര്‍ നദീതീരത്തുള്ള കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. സെയ്ദാപേട്ട്, വേലച്ചേരി, ആഡമ്പാക്കം, മാടിപ്പാക്കം, വെസ്റ്റ് മാമ്പലം മേഖലകളില്‍ രണ്ടു മുതല്‍ മൂന്നടിവരെയായിരുന്നു ജലനിരപ്പ്.
ചെന്നൈ നഗരത്തിനു സമീപത്തെ ചെമ്പരമ്പാക്കം, പുഴല്‍, പൂണ്ടി എന്നീ ജലസംഭരണികളില്‍നിന്ന് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്നുണ്ട്.ഇതുമൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ആളുകള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ചൈന്നെ നഗരത്തെ മുക്കിയ 2015-ലെ പ്രളയക്കെടുതിക്കു കാരണം ചെമ്പരമ്പാക്കം ജലസംഭരണി പൂര്‍ണതോതില്‍ തുറന്നതായിരുന്നു. വരുംദിവസങ്ങളിലെ മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായാണു വെള്ളം നേരിയ അളവില്‍ തുറന്നുവിടാന്‍ തീരുമാനിച്ചത്. ചൈന്നെയിലെ ഏതാനും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തി.

