കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തകേസ്‌: രണ്ടുപേര്‍ക്ക്‌ ശിക്ഷയിളവ്‌

തിരുവനന്തപുരം : കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസിലെ രണ്ടുതടവുകാര്‍ക്ക് ശിക്ഷ ഇളവുനല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിനോദ്‌കുമാര്‍, മണികണ്‌ഠന്‍ എന്നീ പ്രതികള്‍ക്കാണ്‌ ഇളവ്‌ നല്‍കിയത്‌. ഇരുവരുടെയും ഭാര്യമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട്‌ നാലുപേരുടെയും ശിക്ഷ പരിശോധിച്ച്‌ വിടുതല്‍ ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

20 വര്‍ഷത്തിലേറെയായി പ്രതികള്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നുവെന്ന്‌ വിലയിരുത്തിയ ഉപദേശക സമിതി ഇരുവരെയും വിട്ടയക്കാന്‍ ശുപാര്‍ശ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചന്റെ സഹോദരന്മാരാണ്‌ വിട്ടയക്കപ്പെടുന്ന തടവുകാര്‍. ജീവ പര്യന്തം ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിനോദ്‌കുമാര്‍ 9തവണയും മണികണ്‌ഠന്‍ 12 തവണയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത്‌ തളളിയതിന്‌ പിന്നാലെയാണ്‌ ഇരുവരുടെയും ഭാര്യമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.

കേസിലെ ഏഴാംപ്രതിയായ മണിച്ചന്‍ ജയിലിലാണ്‌. മുഖ്യ പ്രതികളിലൊരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ല്‍ രോഗബാധിതയായി മരിച്ചു. 2000 ഒക്ടോബര്‍ 31നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിച്ച്‌ ഹൈറുന്നീസയുടെ വീട്ടില്‍ വിതരണം ചെയ്‌ത മദ്യം കഴിച്ച 31 പേര്‍ മരിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →