തിരുവനന്തപുരം: ബി.ജെ.പി. പുനഃസംഘടനയ്ക്കുശേഷം ആദ്യമായിനടന്ന സംസ്ഥാന നേതൃയോഗത്തിൽനിന്ന് പ്രമുഖ നേതാക്കൾ വിട്ടുനിന്നു. പി.കെ. കൃഷ്ണദാസ് പക്ഷത്തെ ൽജനറൽ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് .എൻ. രാധാകൃഷ്ണൻ, ഒരു ഗ്രൂപ്പിലുമില്ലാത്ത വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ എന്നിവരാണ് 02/11/21 ചൊവ്വാഴ്ച തിരുവനന്തപുരത്തുനടന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നത്
എന്നാൽ, പി.കെ. കൃഷ്ണദാസ് പങ്കെടുത്തു. കോർ കമ്മിറ്റി യോഗത്തിലും രമേശും രാധാകൃഷ്ണനും പങ്കെടുത്തില്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, പ്രഭാരി സി.പി. രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പുനഃസംഘടനയിലെ പ്രതിഷേധം കൃഷ്ണദാസ് പക്ഷം നേരത്തേതന്നെ പരസ്യമാക്കിയത് ഭാരവാഹികളുടെ വാട്‌സാപ് ഗ്രൂപ്പ് വിട്ടായിരുന്നു. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതുണ്ടായില്ല. ശോഭയെ ദേശീയ നിർവാഹകസമതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. .
തിരഞ്ഞെടുപ്പിലെ പരാജയത്തെപ്പറ്റിയുള്ള റിപ്പോർട്ടുകളുടെ ചർച്ച, താഴെത്തട്ടിലുള്ള പുനഃസംഘടന തുടങ്ങിയവയാണ് യോഗങ്ങളിലെ പ്രധാനചർച്ച. ബുധനാഴ്ച ജില്ലാപ്രസിഡന്റുമാർ, പ്രഭാരിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ചയും വിവിധ ഉപസമിതികളുടെ യോഗവും നടക്കും. കെ-റെയിൽവിരുദ്ധ സമരത്തിന് ബി.ജെ.പി. പിന്തുണ നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കോടികളുടെ അഴിമതി ലക്ഷ്യംവെച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണയ്ക്കുന്നത്. കേരളത്തിൽ പ്രായോഗികമല്ലാത്ത പദ്ധതിയിൽനിന്ന് പിന്മാറണം. ശബരിമല വെർച്വൽ ക്യൂ നിർത്തലാക്കണം. ഭക്തരെ ഉപദ്രവിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ. രാജഗോപാൽ, സി.കെ. പദ്മനാഭൻ, കുമ്മനം രാജേഖരൻ എന്നിവരും പങ്കെടുത്തു.