മുംബൈ : ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങുമ്പോൾ സ്വീകരിക്കാനൊരുങ്ങിയ ആരാധകരെ ഞെട്ടിച്ച് കള്ളന്മാർ. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആര്യൻ ഖാൻ മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെ ആര്യൻ ഖാൻ ജയിലിന് പുറത്തേക്ക് എത്തി. ഷാരൂഖ് തന്നെ ആര്യനെ കൊണ്ട് വരാൻ ആർതർ റോഡ് ജയിലിലേക്കെത്തിയിരുന്നു. താരപുത്രനെ വരവേൽക്കാൻ നിരവധി ഷാരാഖ് ആരാധകരാണ് ജയിലിന് വെളിയിൽ തടിച്ച് കൂടിയിരുന്നത്.
പടക്കം പൊട്ടിച്ചും ബാൻഡ് മേളവുമായി ആരാധകർ രാവിലെ മുതൽ തന്നെ ആഘോഷത്തിലായിരുന്നു. ഇതിനിടയിൽ നിരവധി പേരുടെ പോക്കറ്റടിച്ച് പോയതായാണ് പരാതി ഉയരുന്നത്. ആര്യൻ ജയിലിൽ നിന്ന് പുറത്ത് വന്ന വെള്ളിയാഴ്ച മാത്രം പത്തോളം മൊബൈൽ ഫോണുകളാണ് ആർതർ റോഡ് പ്രിസണ് സമീപത്ത് തടിച്ചുകൂടിയവരിൽ നിന്ന് പോക്കറ്റടിച്ച് പോയത്. ഇതിനോടകം പത്ത് പരാതി ലഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. വലിയ ആൾക്കൂട്ടത്തിലും ബോളിവുഡ് താരത്തേയും മകനേയും ഒരുനോക്ക് കാണാനിരുന്ന ആരാധകരുടെ ഫോണുകളാണ് കളവ് പോയവയിൽ ഏറിയപങ്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നത്. 2021 ഒക്ടോബര്‍ 28 വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതി ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്.
രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ആര്യൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് മുംബൈ ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്സ് ആപ്പ് ചാറ്റ് 2018 കാലത്തേതാണെന്നും റോത്തഗി കോടതിയിൽചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻ ഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു. എന്നാൽ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ്ഖാൻ ശ്രമിക്കുന്നതായി എൻസിബി ആരോപിച്ചു. ആര്യൻഖാൻ പുറത്തിറങ്ങിയാൽ ഇതുപോലെ തെളിവുകൾ ഇല്ലാതാക്കുമെന്നും ജാമ്യഹർജിയെ എതിർത്ത് എൻസിബി വാദിച്ചു. എന്നാൽ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകൾക്കും ജാമ്യം അനുവദിച്ചത്.
23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യൻ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്