മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ നില മെച്ചപ്പെടുത്തിയെങ്കിലും തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാതിരുന്നത് സൂചികകള്‍ക്ക് വിനയായി.സെന്‍സെക്സ് 109.40 പോയിന്റ് താഴ്ന്ന് 60,029.06ലും നിഫ്റ്റി 40.70 പോയിന്റ് താഴ്ന്ന് 17,888.95 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 60,000 മാര്‍ക്കിനു മുകളില്‍ സെന്‍സെക്സ് പിടിച്ചു നിന്നതു പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയംമാസാദ്യം, ദീപാവലി മുഹൂര്‍ത്തവ്യാപാരം തുടങ്ങിയവ സൂചികകള്‍ക്കു വരും ദിവസങ്ങളില്‍ കരുത്തു പകരുമെന്നാണു വിലയിരുത്തല്‍. പ്രീ സെക്ഷനില്‍ മികച്ച നേട്ടം കൈവരിച്ച സൂചികള്‍ ലാഭമെടുപ്പില്‍ തകര്‍ന്നു. റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ മുന്നേറ്റം ഫാര്‍മ, ബാങ്കിങ് ഓഹരികളുടെ തളര്‍ച്ചയോടെ അപ്രസക്തമായി.
ബി.എസ്.ഇയില്‍ 13 എണ്ണത്തിനു മാത്രമാണ് നേട്ടം നിലനിര്‍ത്താനായത്. മാരുതി, എന്‍.ടി.പി.സി, ടൈറ്റാന്‍, എസ്.ബി.ഐ.എന്‍, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടി.സി.എസ്, സണ്‍ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്.ഡി.എഫ്.സി. ബാങ്ക്, ഇന്‍ഫോസിസ്, ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കോട്ടക് ബാങ്ക്, ഐ.ടി.സി, മഹീന്ദ്ര, അള്‍ട്രാടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ്, നെസ്ലെ ഇന്ത്യ, പവര്‍ഗ്രിഡ്, ഡോ. റെഡ്ഡീസ് ലാബ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ്, എച്ച്.സി.എല്‍. ടെക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.ബോര്‍ഡര്‍ ഓഹരികളായ മിഡ്ക്യാപും, സ്മോള്‍ക്യാപും പിടിച്ചുനിന്നു. ഫെഡ് റിസര്‍വ് യോഗം നടക്കാനിരിക്കേ രാജ്യാന്തര വിപണികള്‍ മന്ദഗതിയിലാണ്.



