തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിന്റെ കാരണം സംസ്ഥാനം നികുതി കുറയ്ക്കാത്തതാണെന്നുള്ള വാദം യഥാർത്ഥത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. പെട്രോൾ- ഡീസൽ അധിക നികുതി പിൻവലിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തയാറാകണം എന്ന് ആവശ്യപ്പെട്ടുകാണ്ട് ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
യു.ഡി.എഫ് നികുതി കുറച്ചുണ്ടായ നഷ്ടം പിന്നീട് വർധിപ്പിച്ച് തിരിച്ചു പിടിച്ചുവെന്ന് മന്ത്ര സഭയിൽ പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് നികുതി വർധിച്ചത് 94 % ആണെന്നും 13 തവണ നികുതി കൂട്ടിയത് മറക്കരുതെന്ന് കെ.എൻ ബാലഗോപാൽ ഓർമിപ്പിച്ചു. എൽ.ഡി.എഫ് കാലത്ത് 15% മാത്രമാണ് നികുതി. എൽഡിഎഫ് സർക്കാർ നികുതി കൂട്ടിയിട്ടില്ല, മറിച്ച് മുമ്പത്തെക്കാൾ കുറയ്ക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
കൊവിഡ് കാലത്ത് യുപി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങൾ നികുതി വർധിപ്പിച്ചു. കേരളം വർധിപ്പിച്ചില്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, രാജസ്ഥാൻ, തെലുങ്കാന സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ നികുതി കൂടുതലാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്ട്രയിലും കേരളത്തേക്കാൾ വളരെ കൂടുതലാണ് പെട്രോൾ വില. 251 ശതമാനമാണ് ബിജെപി പെട്രോൾ നികുതി വർധിപ്പിച്ചത്. ഡീസലിന് 14 മടങ്ങ് വർധിപ്പിച്ചു. പക്ഷേ അപ്പോഴൊന്നും സംസ്ഥാന സർക്കാർ നികുതി കൂട്ടിയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.