മനാമ: ബഹ്‌റൈൻ പ്രതിഭ പ്രഥമ നാടക പുരസ്‌കാരം രാജശേഖരൻ ഓണംതുരുത്തിന്. 25,000 രൂപയും സർട്ടിഫിക്കറ്റും പ്രതിഭ നാടക വേദി പ്രത്യേകം തയ്യാർ ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദൻ ചെയർമാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 2021 ഡിസംബറിൽ കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി ബഹ്റൈൻ മലയാള നാടക ലോകത്തിന്‍റെ അനിഷേധ്യ സാനിധ്യമായി മാറിയ ബഹ്റൈൻ പ്രതിഭയിൽ നിന്നും അന്തർദേശീയ മലയാളി സമൂഹ നാടക രചയിതാക്കളെ അഭിസംബോധന ചെയ്യുന്ന ഇദം പ്രഥമമായ നാടക രചന അവാർഡാണിത്.എല്ലാ വർഷവും കേരളപിറവി ദിനമായ നവംബർ ഒന്നിന് പ്രതിഭ ഭാരവാഹികൾ ഈ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കും.
ബഹ്റൈൻ മലയാള നാടക ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര പുരസ്‌കാരമാണിത്. 2019 ന് ശേഷം രചിച്ച പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലികമായ മലയാള നാടക രചനകളാണ് അവാർഡിനായി ക്ഷണിച്ചത്. കേരള നാടക വേദിയിലെ അറിയപ്പെടുന്ന മികച്ച നാടക എഴുത്തുകാർ ഉൾപ്പെടെയുള്ളവർ അയച്ച ഇരുപത്തിയൊന്ന് രചനകളിൽ നിന്നാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
1986 സെപ്തംബറിൽ പതനം എന്ന നാടകത്തോടെ ആരംഭിച്ച പ്രതിഭയുടെ നാടക പ്രയാണം ഒന്നിനൊന്ന് മികച്ചതും ആയിര കണക്കിന് കാണികളുടെ കണ്ണും മനവും കവർന്നതുമായ പതിനാല് നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ചു മുന്നേറുകയാണ്. അനവധി അവാർഡുകൾ കരസ്ഥമാക്കിയ ഡോ. സാംകുട്ടിയെ പോലുള്ളവരുടെ ശിക്ഷണം ഈ നാടക സപര്യക്ക് പിറകിലുണ്ട്. നൂറ് കണക്കിന് നാടക കലാകാരൻമാരെയും സാങ്കേതിക വിദഗ്ദരെയും സംവിധായകരെയും ബഹ്റൈൻ മലയാള നാടക ലോകത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞ അഭിമാനവും പ്രതിഭക്കുണ്ട്