വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കൾക്ക് വിഷം നൽകി കൊന്ന രണ്ടുപേർ അറസ്റ്റിൽ

വടക്കഞ്ചേരി: വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കളെ വിഷം നൽകി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതത്തൂണിൽ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കഞ്ചേരി പാളയം സ്വദേശികളും സുഹൃത്തുക്കളുമായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരാണ് അറസ്റ്റിലായത്. വടക്കഞ്ചേരി പാളയം മാന്ത്രാട്ടുപള്ളം സുരേഷിന്റെ ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ ഇനങ്ങളിലെ രണ്ട് വളർത്തുനായ്ക്കളെയും രണ്ട് കൊങ്ങൻ കോഴികളെയുമാണ് കൊന്നത്.

കോഴികളെ കൊന്ന് കാലിൽ ഭീഷണിക്കത്തും എഴുതിയാണ് പാളയം പുഴപ്പാലത്തിനു സമീപമുള്ള വൈദ്യുതത്തൂണിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. കോഴിയെ കെട്ടിത്തൂക്കിയപോലെ സുരേഷിനെയും ചെയ്യുമെന്നായിരുന്നു ഭീഷണിക്കത്തിലെഴുതിയിരുന്നത്.

വടക്കഞ്ചേരി സി.ഐ. എം. മഹേന്ദ്രസിംഹൻ, എസ്.ഐ. കെ.വി. സുധീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തെളിവെടുപ്പ് നടത്തി. വിനോദിന് സുരേഷിനോടുള്ള വിരോധമാണ് സംഭവങ്ങൾക്കിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കോഴിയിറച്ചി വാങ്ങി ഇതിൽ കാഞ്ഞിരത്തിന്റെ തൊലി ചേർത്ത് നായ്ക്കൾക്ക് നൽകുകയായിരുന്നെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. ഒക്ടോബർ 18-ന് പുലർച്ചെയായിരുന്നു സംഭവം. വളർത്തുനായ്ക്കൾക്ക് വിഷം നൽകിയശേഷം കോഴികളെപിടിച്ചുകൊണ്ടു പോവുകയായിരുന്നു. വിനോദും ഗുരുവായൂരപ്പനും സുരേഷിന്റെ വീട്ടിലെത്തിയ സമയത്ത് നായ്ക്കൾ കുരച്ചെങ്കിലും പുറത്തിറങ്ങി നോക്കിയപ്പോൾ ആരെയുംകണ്ടിരുന്നില്ല. തൊലി ചെത്തിയ കാഞ്ഞിരത്തിന്റെ മരവും ഇവർ കാണിച്ചുനൽകി. ഇവരെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു

പഴയകേസ് ഒത്തുതീർപ്പാക്കാൻ സുരേഷ് വിസമ്മതിച്ചതാണ് വിനോദിന് വിരോധമുണ്ടാകാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. 2020 ഒക്ടോബറിൽ സുരേഷിന്റെ ബന്ധുവായ കുമാറിനെ വിനോദും ബന്ധുവായ ബാലനും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ വിനോദും ബാലനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. വിനോദ് വിദേശത്തേക്ക് പോകാൻ ശ്രമിച്ചിരുന്നതിനാൽ കേസ് ഒത്തുതീർപ്പാക്കണമെന്ന് കുമാറിനോട് ആവശ്യപ്പെട്ടെങ്കിലും സുരേഷ് ഇതിന് സമ്മതിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം