കാസർകോട്: നീണ്ട ഒരിടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിന് കുരുന്നുകളുടെ കാലൊച്ചകളും കലപിലാരവങ്ങളുമായി വിദ്യാലയ മുറ്റങ്ങള്‍ സജീവമാകും. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ. ഇ മോഹനന്‍ പറഞ്ഞു.
ജാഗ്രത കൈവെടിയരുത്
കോവിഡ് മാനര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാലയങ്ങളിലും വീടുകളിലും കര്‍ശനമായി പാലിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധക്കണം. പ്രധാന നിര്‍ദ്ദേശങ്ങള്‍;
മൂക്കും വായയും മറയുന്ന വിധം ശരിയായ രീതിയില്‍ ഡബിള്‍ മാസ്‌ക് ധരിക്കുക.
സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുകയോ ചെയ്യണം. വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്ന സാഹചര്യം ഉണ്ടാകരുത്. ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിക്കണം.
ആഹാരം, കുടിവെളളം, പഠന സാമഗ്രികള്‍ എന്നിവ പരസ്പരം കൈമാറരുത്.
സ്‌കൂളില്‍ പോകുമ്പോഴും സ്‌കൂളില്‍ നിന്നും മടങ്ങുമ്പോഴും കടകളില്‍ കയറുന്നത് ഒഴിവാക്കുക. സ്‌കൂള്‍ വിട്ടാലുടന്‍ വീട്ടിലേക്ക് മടങ്ങുക. വീട്ടിലെത്തിയ ഉടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പു വെളളത്തിലോ ഡിറ്റര്‍ജന്റ് ഉപയോഗിച്ച വെളളത്തിലോ മുക്കിവെച്ചതിന് ശേഷം കുളിക്കുക. വീട്ടിലുളള കുട്ടികള്‍, മുതിര്‍ന്നവര്‍, കിടപ്പിലായവര്‍ എന്നിവരുടെ അടുത്ത് കുളിച്ചതിന് ശേഷം മാത്രം പോകുക.
മാസ്‌കുകള്‍ അലക്ഷ്യമായി ഇടരുത്. തുണി മാസ്‌ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ കത്തിച്ചു കളയുക.
വ്യക്തിശുചിത്വം, പരിസര ശുചിത്വം, പോഷകാഹാരം എന്നിവ ശീലമാക്കുക.
കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കരുത്
തുമ്മല്‍, ചുമ, ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്‌കൂളില്‍ പോകുകയോ മറ്റുള്ളവരുമായി ഇടപെഴുകുകയോ അരുത്. ഇത്തരം ലക്ഷണങ്ങളുള്ളവര്‍ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടുക. ഇക്കാര്യം അധ്യാപകരെ അറിയിക്കുക.
വീട്ടില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ ഒരു കാരണവശാലും സ്‌കൂളിലേക്ക് അയക്കരുത്.
സ്‌കൂളിലെത്തിയാല്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അധ്യാപകരോട് തുറന്ന് പറയുക.