തിരുവനന്തപുരം: ദത്തുവിവാദത്തിൽ അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രന് എതിരെ സിപിഎം നടപടിയെടുത്തു. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കി. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നാണ് തീരുമാനം. അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചു. വട്ടപ്പാറ ബിജു, വേലായുധൻ നായർ, ജയപാൽ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം അന്വേഷണറിപ്പോർട്ട് നൽകാൻ സമിതിയയോട് നിർദേശിച്ചിട്ടുണ്ടെന്ന് സിപിഎം പേരൂർക്കട ഏരിയ സെക്രട്ടറി രാജലാൽ അറിയിച്ചു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തിൽ ജയചന്ദ്രൻ വിശദീകരിച്ചു. എന്നാൽ പാർട്ടി അംഗങ്ങളിൽ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിർപ്പുയർന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു എന്നാണ് യോഗത്തിലുണ്ടായ പൊതുഅഭിപ്രായം.
അതേസമയം ദത്ത് വിവാദത്തിൽ അനുപമ ആരോപണങ്ങൾ ആവർത്തിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് പങ്ക് ഉണ്ടെന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ മൊഴി ഒറ്റയ്ക്ക് ഒറ്റയ്ക്ക് രേഖപ്പെടുത്തണം. മുൻ ജീവനക്കാരൻ ശശിധരനും കാര്യങ്ങൾ അറിയാം. അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ തയ്യാറാകണമെന്നും അനുപമ ആവശ്യപ്പെട്ടു.
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടിവി അനുപമയാണ് മൊഴിയെടുത്തത്. അജിത്തിന്റെ മൊഴിയും രേഖപ്പെടുത്തി. കുട്ടിയെ കിട്ടാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഇരുവരും ഹാജരാക്കി. വിശദമായ മൊഴി നൽകിയെന്നും തെളിവുകൾ ഹാജരാക്കിയെന്നും അനുപമ പ്രതികരിച്ചു.

