ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ കേസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും ഈ സമിതി. സമിതിക്ക് മുൻപിൽ എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. പൗരന്റെ സ്വകാര്യത മാനിച്ചുള്ള അന്വേഷണമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൗരന്റെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. അതേസമയം രാജ്യസുരക്ഷയും പ്രധാനമാണ്. അതുകൊണ്ട് സത്യാവസ്ഥ പുറത്ത് വരണം. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
റിട്ട.ജഡ്ജി ആര്‍.വി രവീന്ദ്രനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. മൂന്ന് സാങ്കേതിക അംഗങ്ങളും സമിതിയിലുണ്ടായിരിക്കും.മുന്‍ ഐ.പി.എസ് ഓഫീസര്‍, സാങ്കേതിക വിദഗ്ധനായ സുദീപ് ഒബ്രോയി, ഡോ.നവീൻ കുമാർ ചൗധരി,ഡോ.അശ്വിൻ അനിൽ ഗുമസ്തെ എന്നിവര്‍ സമിതിയിലുണ്ട്.
2019 മുതലുള്ള മുഴുവന്‍ വിവരങ്ങളും സമിതിക്ക് കൈമാറണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരിമിത വിവരങ്ങളാണ് സുപ്രീം കോടതിക്ക് കൈമാറിയത്. ദേശസുരക്ഷയെന്ന ആശങ്ക ഉയര്‍ത്തി ഭരണകൂടത്തിന് രക്ഷപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോർത്തൽ അന്വേഷിക്കാൻ സാങ്കേതിക അംഗങ്ങളെ ഉൾപ്പെടുത്തി വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് എൻ.വി. രമണ സൂചന നൽകിയിരുന്നു. വിദഗ്ധ സമിതി അംഗങ്ങളെ തീരുമാനിച്ച ശേഷം കേസിൽ വിധി പറയാമെന്നാണ് അന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ചാര സോഫ്റ്റ്‍വെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകൾ നിരീക്ഷിച്ചോ എന്നതിൽ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നൽകിയിട്ടില്ല.
പെഗാസസ് കെട്ടുകഥയാണെന്നും സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട വിദഗ്ധ സമിതി രൂപീകരിക്കാൻ അനുവദിച്ചാൽ തെറ്റിദ്ധാരണകൾ മാറ്റാം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അത് തള്ളിയാണ് അന്വേഷണത്തിനുള്ള വിദഗ്ധസമിതി സുപ്രീം കോടതി തന്നെ പ്രഖ്യാപിച്ചത്.