ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിനു ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായ കരനെല്‍ കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. കരുവാറ്റ തെക്ക് കളത്തില്‍ പറമ്പില്‍ ഗണേശന്റെ രണ്ട് ഏക്കര്‍ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിര്‍വ്വഹിച്ചു.
രണ്ട് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ ഗണേശന്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത തൊണ്ണൂറ് ദിവസം മൂപ്പുള്ള മനുരത്‌ന എന്ന നെല്‍വിത്താണ് കൃഷിഭവന്റെ നിര്‍ദ്ദേശപ്രകാരം ഉപയോഗിച്ചത്. നൂറു മേനി വിളവു ലഭിച്ചു.
കൃഷി ഓഫീസര്‍ മഹേശ്വരിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. വെള്ളപ്പൊക്കം പൂര്‍ണ്ണമായും ഒഴിവാകുന്ന മുറയ്ക്ക് കരനെല്‍ കൃഷിയും തരിശു നിലങ്ങളിലെ കൃഷിയും പഞ്ചായത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്.