മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ലഹരി കേസിൽ സാക്ഷിയുടെ സത്യവാങ്മൂലത്തിൽ വെട്ടിലായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. കേസ് അന്വേഷിക്കുന്ന എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെ പണം വാങ്ങിയെന്നതാണ് കോടതി മുൻപാകെ സാക്ഷിയുടെ വെളിപ്പെടുത്തൽ. സമീർ വാങ്കഡെക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.
ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസായി ഷാരൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 18 കോടി എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
എന്നാൽ ആരോപണം എൻ.സി.ബി തള്ളി. ഗുരുതര ആരോപണങ്ങൾ ഉയർന്നതിനാൽ സമീർ വാങ്കഡെക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ എൻ.സി.ബി ഡയറക്ടർ ജനറൽ അന്തിമ തീരുമാനമെടുക്കും. കേസിലെ പ്രതിയായ ആര്യൻ ഖാനും നടി അനന്യ പാണ്ഡെയ്ക്കും മയക്കുമരുന്ന് ഇടപാടുകളുണ്ടായിരുന്നുവെന്നാണ് എൻ.സി.ബിയുടെകണ്ടെത്തൽ.
ഇത് തെളിയിക്കുന്ന വാട്സാപ് സന്ദേശങ്ങൾ ആര്യന്റെയും അനന്യയുടെയും ഫോണിൽ നിന്നും കണ്ടെത്തിയതായി എൻ.സി.ബി കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും അനന്യയുടെ മൊഴി.
അതേസമയം നടി അനന്യ പാണ്ഡെയെ എൻ.സി.ബി 25/10/21 തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അനന്യയെ വീണ്ടും ചോദ്യം ചെയ്യുന്നത്.