വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49) നെ പോലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും കാൽ ഭാഗത്തായി അടുപ്പ് ഉണ്ടാക്കുകയും ചെയ്തു.

ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാഞ്ഞതിനെ തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കിയ മകൻ ഗിരീഷ് വളമംഗലത്തുള്ള ഭാര്യവീട്ടിൽ ചെന്ന് ഇയാളുടെ രണ്ട് മക്കളെയും വിളിച്ചു കൊണ്ടു വരികയും അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.തുടർന്ന് മൃതദേഹം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും കാൽ ഭാഗത്തായി അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കി.

മക്കൾ അമ്മയോട് വിവരങ്ങൾ പറഞ്ഞു

ഭാര്യയുമായി വഴക്കിട്ട് ഇയാൾ വർഷങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളാണ് അമ്മയോട് വിവരങ്ങൾ പറഞ്ഞത്. ഇവർ ഈ വീടിന്‍റെ പരിസരത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച് കാര്യങ്ങൾ പറയുകയും ഇയാൾ ഉടൻ കുത്തിയതോട് പോലീസിൽ അറിയിക്കുകയും ചെയ്തു.

അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്ന് പരിസരവാസികൾ

പോലീസെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള പണമില്ലാത്തതിനെ തുടർന്നാണ് അമ്മയെ കുഴിച്ചിട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും പരിസരവാസികൾ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു. ഇന്ന് രാവിലെ ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് മേൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →