തിരുവനന്തപുരം∙ സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാംപുകളിലായി 3851 കുടുംബങ്ങൾ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തു നിന്നു വരുന്നവര്‍ ക്യാംപിലെ അംഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ക്യാംപുകളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ പ്രത്യേക അനുമതി നല്കി. പ്രായമായവരേയും കുട്ടികളേയും മറ്റ് അനുബന്ധ രോഗമുള്ളവരേയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാംപുകളോടുമനുബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പു വരുത്തും.
ക്യാംപിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റി പാര്‍പ്പിക്കും. ക്യാംപിലെത്തി ഒരാള്‍ പോസിറ്റീവായാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങള്‍ പ്രത്യേകം ക്വാറന്റീനില്‍ കഴിയണം.
ക്യാംപുകളിലുള്ള എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്ക് മാറ്റി കൂട്ടത്തോടെയിരുന്ന് കഴിക്കരുത്. പല പ്രാവശ്യമായി അകലത്തിലിരുന്ന് ഭക്ഷണം കഴിക്കണം. കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗികള്‍ എന്നിവരുമായി ക്യാംപിലുള്ള മറ്റുള്ളവര്‍ അടുത്ത് ഇടപഴകുന്നത് കഴിയുന്നതും ഒഴിവാക്കണം.
2 വയസിനു മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വാക്സീന് എടുക്കാത്തവര്‍ അധിക ജാഗ്രത പുലര്‍ത്തണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റ് അസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കും. അവര്‍ക്ക് മരുന്നുകള്‍ എത്തിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

