റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപമാനിക്കാനല്ലെങ്കില്‍ സിദ്ദുവിനെ അഴിച്ചുവിട്ടതെന്തിന്? കോണ്‍ഗ്രസിനെതിരേ ക്യാപ്റ്റന്‍

October 2, 2021 - 8:24 am

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനം തുടരുന്നു. അമരീന്ദര്‍ ചില സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുകയാണെന്നു പഞ്ചാബിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞതാണു ക്യാപ്റ്റനെ വീണ്ടും പ്രകോപിപ്പിച്ചത്. തന്നെ ഇപ്പോഴും അപമാനിക്കുന്ന കോണ്‍ഗ്രസിനോടു കാട്ടിയ വിശ്വസ്തത മാത്രമാണു കുറേ മാസങ്ങളായി താന്‍ നേരിടുന്ന സമ്മര്‍ദമെന്ന് അമരീന്ദര്‍ തിരിച്ചടിച്ചു.

റാവത്തിന്റെ പ്രസ്താവന മര്യാദകേടാണെന്നും പഞ്ചാബില്‍ കോണ്‍ഗ്രസ് നേരിടുന്ന ദയനീയാവസ്ഥയാണ് അതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപമാനിക്കാനല്ലെങ്കില്‍ സിദ്ദുവിനെ അഴിച്ചുവിട്ടതെന്തിന്?

”കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചതിന്റെ തലേന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. ഒരു പ്രശ്‌നവുമില്ലെന്നും 43 എം.എല്‍.എമാര്‍ അയച്ച കത്ത് താന്‍ കണ്ടിട്ടില്ലെന്നുമാണു റാവത്ത് അന്നു പറഞ്ഞത്.ഇപ്പോള്‍ അദ്ദേഹം പറയുന്ന പച്ചക്കള്ളം എന്നെ ഞെട്ടിച്ചു”- അമരീന്ദര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിനു മുമ്പ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്നിരുന്നുവെന്ന പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കു തന്നെ അപമാനിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നെങ്കില്‍ സാമൂഹികമാധ്യമങ്ങളിലും പൊതുവേദികളിലും മാസങ്ങളായി തന്നെ അപമാനിക്കാന്‍ നവജ്യോത് സിങ് സിദ്ദുവിനെ അനുവദിച്ചതെന്തിനാണ്? നാലരവര്‍ഷമായി തുടരുന്ന ഭരണം താന്‍ നേടിത്തന്നതാണെന്ന് എന്തുകൊണ്ടു തിരിച്ചറിഞ്ഞില്ല?- അദ്ദേഹം ചോദിച്ചു.രാജിവയ്ക്കുന്നതിനു മൂന്നാഴ്ച മുമ്പേ സ്ഥാനമൊഴിയാനുള്ള സന്നദ്ധത സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍, മുഖ്യമന്ത്രിയായി തുടരാനാണ് അവര്‍ ആവശ്യപ്പെട്ടത്. പിന്നീട് തന്നെ അപമാനിച്ച് പുറത്താക്കുകയായിരുന്നെന്ന് അമരീന്ദര്‍ ആവര്‍ത്തിച്ചു. ”

എനിക്കു നേരിട്ട അപമാനം ലോകം കണ്ടതാണ്. എന്നിട്ടും റാവത്ത് അതിനു വിരുദ്ധമായി സംസാരിക്കുന്നു. ഇത് അപമാനമല്ലെങ്കില്‍ പിന്നെന്താണ്? 2022-ലെ തെരഞ്ഞെടുപ്പ് ക്യാപ്റ്റന്റെ നേതൃത്വത്തില്‍ത്തന്നെ നേരിടുമെന്നും നേതൃമാറ്റം െഹെക്കമാന്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നുമാണു കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു റാവത്ത് പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ പറയുന്നു പാര്‍ട്ടി നേതൃത്വത്തിന് എന്നോട് അതൃപ്തിയുണ്ടായിരുന്നെന്ന്.അങ്ങനെയെങ്കില്‍ എന്തിനാണ് ഇക്കാലമത്രയും എന്നെ ഇരുട്ടില്‍ നിര്‍ത്തിയത്?”- അമരീന്ദര്‍ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *