മലപ്പുറം : കേരള ബാങ്ക രൂപീകരിച്ചതിന് പിന്നാലെ ജില്ല ബാങ്കുകളില്‍ നടപ്പാക്കിയ ശമ്പള വര്‍ദ്ധന ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ സര്‍വീസ് ബുക്ക് പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കേരള ബാങ്കിനുകീഴിലെ 13 ജില്ലാ ജോയിന്റ് ഡയറക്ടര്‍ / ഓഡിറ്റര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പിഎസ് സി വഴിനിയനം ലഭിക്കേണ്ട നിരവധി ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടമാക്കിയ ഗുരുതരമായ ക്രമക്കേടുകള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.
ചട്ടവിരുദ്ധമായി പ്രമോഷന് നല്കിയതുമൂലം പിഎസ് സി വഴി നിയമിക്കേണ്ട തസ്തികകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിയമ വിരദ്ധമായി പാര്‍ട്ട്ടൈം സ്വീപ്പര്‍ മാര്‍ക്ക് പ്യൂണ്‍ തസ്തികയില്‍ കയറ്റം നല്കി. അനുപാതം പാലിക്കാതെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ പ്രമോഷന് നടത്തി. മാനദണ്ഡം കാറ്റില്‍ പറത്തി 31 ജൂണിയര്‍ അ്ക്കൗണ്ടന്റുമാര്ക്ക് സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ ജോലിക്കയറ്റം നല്കി. എന്നീ ക്രമക്കേടുകളാണ് കണ്ടെത്തിയത്. അധിക യോഗ്യതയുളളവര്‍ക്ക് ശമ്പളത്തില്‍ ഇന്‍ക്രിമെന്റ് വ്യവസ്ഥയുണ്ട്. ഇത് അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ചട്ടവിരുദ്ധമായി അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് അധിക ശമ്പളം അനുവദിച്ചതായും കണ്ടെത്തി.
വഴിവിട്ട നിയമനവും സ്ഥാന കയറ്റവും ബോധ്യപ്പെട്ട സാഹചര്യത്തില്‍ അനധികൃതമായി കൂടുതല്‍ തുക കൈപ്പറ്റിയവരില്‍ നിന്നും തിരിച്ചുപിടിക്കാനും സര്‍വീസ് ബുക്കിലെ ന്യൂനതകള്‍ പരിഹരിക്കാനും സഹകരണ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മാര്‍ച്ച് 31നകം സമിതി നടപടി പൂര്‍ത്തിയാക്കണം.
1995നുശേഷം ജില്ലാ ബാങ്കുകളില്‍ പ്യൂണ്‍ മുതല്‍ തസ്തികകളില്‍ പിഎസ് സി വഴിയാണ് നിയമനം. എന്നാല്‍ സ്വീപ്പര്‍ തസ്ഥികയില്‍ ഇപ്പോഴും നേരിട്ട് നിയമിക്കാം. 23,000രൂപയോളമാണ് ശമ്പളം. 15 ലക്ഷത്തോളം രൂപ വരെ ഈ ജോലിക്കുവേണ്ടി ബാങ്കിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങുന്നുണ്ട്. ഏഴുവര്‍ഷം സ്വീപ്പറായി തുടര്‍ന്നാല്‍ പ്യൂണ്‍ പ്രമോഷന് അര്‍ഹരാകും. എട്ട് പ്യൂണ്‍ തസ്തികകളില്‍ പിഎസ് സി നിയമനം നടക്കുമ്പോള്‍ ഒരാളെ പ്രമോഷനിലൂടെ ബാങ്കിന് നിശ്ചയിക്കാമെന്നാണ് ചട്ടം .ഈ പഴുതുകള്‍ ഉപയോഗിച്ചാണ് ക്രമക്കേടുകള്‍ നടത്തിയത്.