റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡുറന്‍ഡ് കപ്പ്: ഗോകുലം കേരളാ എഫ്.സിക്കു ജയം

September 17, 2021 - 10:57 am

കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരളാ എഫ്.സിക്കു ജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരത്തില്‍ ശക്തരായ ഹൈദരാബാദ് എഫ്.സിയെ 1-0 ത്തിനാണു ഗോകുലം തോല്‍പ്പിച്ചത്. കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഘാന താരം റഹീം ഒസ്മാനു വിജയ ഗോളടിച്ചു. എമില്‍ ബെന്നി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായെങ്കിലും പിടിച്ചു നില്‍ക്കാന്‍ ഗോകുലത്തിനായി. കേരളാ ടീം ഗോകുലം മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. 10 പേരായി ചുരുങ്ങിയിട്ടും പ്രതീക്ഷ കൈവിടാതെ പോരാടിയ ഗോകുലം മൂന്ന് പോയിന്റ് നേടി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റാണ് ഗോകുലത്തിനുള്ളത്. അത്രയും പോയിന്റുള്ള ആര്‍മി റെഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഹൈദരാബാദ് എഫ്.സിയുടെ ഗോള്‍ മുഖത്തേക്കു നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലത്തിന് ഒന്നാം പകുതിയില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല.ഒസ്മാനുവിന്റെയും എമില്‍ ബെന്നിയുടെയും ശ്രമങ്ങള്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ജോങ്ടെ രക്ഷപ്പെടുത്തി. 47ാം മിനുട്ടില്‍ ബെനെസ്റ്റണ്‍ ബാരെറ്റോയുടെ ശ്രമം ഗോള്‍ കീപ്പര്‍ തടുത്തെങ്കിലും റീബൗണ്ട് മികച്ച ഷോട്ടിലൂടെ ഒസ്മാനു വലയിലാക്കി. പിന്നാലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് എമില്‍ ബെന്നി പുറത്തായി. അവസാന 30 മിനിറ്റില്‍ ഹൈദരാബാദ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലം ഗോള്‍ കീപ്പര്‍ അജ്മലിന്റെ മിന്നും സേവുകള്‍ തുണയായി. 19 നു നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗോകുലം അസം റൈഫിള്‍സിനെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *