ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ ഉത്തരവ്.
ഏഴ് ലക്ഷം പേർ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹർജി അനുവദിച്ചത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
സർക്കാരിന്റെ ഉറപ്പ് മുഖവിലയ്ക്കെടുത്താണ് ഓഫ്ലൈൻ പരീക്ഷയ്ക്ക് എതിരായ ഹർജികൾ കോടതി തള്ളിയത്.
‘ഓഫ്ലൈൻ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുന്നത് തടയാൻ കഴിയും. മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ മാർക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. വീടുകളിൽ ഇരുന്നാണ് രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ മോഡൽ പരീക്ഷ എഴുതിയത്.
എന്നാൽ ഓഫ്ലൈൻ ആയി പരീക്ഷ നടത്തുമ്പോൾ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന്’ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.