കോട്ടയം: വിവാദങ്ങൾക്കിടെ സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി അദ്ദേഹം കൂടുക്കാഴ്ച നടത്തി. 16/09/21 വ്യാഴാഴ്ച രാവിലെയായിരുന്നു സന്ദർശനം.
ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ഗോപി 15/09/21 ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഇടപെടലും.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി എംപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്.
നാർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറഞ്ഞു. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

