കൊച്ചി : പോലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ടുനല്‍കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ വ്യാപാരി ജെ.എസ് അനില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റീസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശം. ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ എടാ,എടീ വിളികള്‍ പോലീസ് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ബാബു സിദ്ദിക്ക് കേസിലെ ഹൈക്കോടതി വിധിയെ തുടര്‍ന്ന് പോലീസ് സേനയിലുളളവര്‍ ജനങ്ങളോട് മാന്യമായി പൊരുമാറണമെന്ന് 2018 നവംബര്‍ 30ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.നടപടിയെ അഭിനന്ദിക്കുന്നെങ്കിലും മൂന്നുവര്‍ഷം പിന്നിടുമ്പോഴും പോലീസ് മോശമായി പെരുമാറിയെന്ന നിരവധി പരാതികള്‍ കോടതിയിലെത്തുന്നുണ്ട്. ചേര്‍പ്പ് എസ്‌ഐ തന്റെ കടയില്‍ വന്ന് മോശമായി പെരുമാറിയെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി . സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
എടാ,എടീ യെന്നൊക്കെ പോലീസ് സേനാംഗങ്ങള്‍ സ്ഥിരമായി വിളിക്കാറുണ്ടെന്നും കൊളോണിയല്‍ കാലത്തെ കീഴടക്കല്‍ തന്ത്രതന്ത്രങ്ങളുടെ അവശേഷിപ്പാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി. 21-ാം നൂറ്റാണ്ടില്‍ ഇത്തരം പെരുമാറ്റത്തിന് പ്രസക്തിയില്ല. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി കോവിഡ് നിയന്ത്രണം നടപ്പിലാക്കുമ്പോള്‍ പോലും ഇത്തരം പെരുമാറ്റം ഉണ്ടായെന്ന് പരാതികളുണ്ട്. പരാതികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുന്നതിനാല്‍ പലപ്പോഴും തെളിയിക്കാന്‍ കഴിയില്ല. പൊതുജനത്തിനെതിരെ പോലീസ് മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഭരണഘടനയുടെ മനസാക്ഷിക്കും ജനാധിപത്യത്തിനും എതിരാണെന്നും കോടതി വ്യക്തമാക്കി.

