വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇളവുകളും സഹായങ്ങളും: മമതയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി ഇളവുകളും ധനസഹായങ്ങളും പ്രഖ്യാപിച്ചുവെന്ന് ആരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി ബംഗാള്‍ ഘടകം പരാതി നല്‍കി. ബിജെപി ബംഗാള്‍ വൈസ് പ്രസിഡന്റ് പ്രതാപ് ബാനര്‍ജി, മുതിര്‍ന്ന നേതാക്കളായ ബജോരിയ, ബലുര്‍ഘട്ട് എംപി സുകന്‍ത മജുംദാര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് പരാതിയുമായി കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫിസിലെത്തിയത്. ദുര്‍ഗപൂജയുടെ ഭാഗമായി സംസ്ഥാനത്തെ ദുര്‍ഗാപന്തലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 36,000 ദുര്‍ഗാ പന്തലുകളാണ് ഉള്ളത്. സപ്തംബര്‍ 30ന് നടക്കുന്ന ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മമത മല്‍സരിക്കുന്നുണ്ട്. മമതയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ ഭാഗമാണ് ധനസഹായം പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Share
അഭിപ്രായം എഴുതാം