കാബൂള്‍: രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അഫ്ഗാനിസ്ഥാനിലെ സൈനിക വിന്യാസം അവസാനിപ്പിച്ച് അമേരിക്ക പിന്‍വാങ്ങിയ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സൗദി അറേബ്യ. അമേരിക്കയുടെ അഫ്ഗാനിലെ ആയുധ ശേഖരം അല്‍ ഖ്വയ്ദ പോലുള്ള സായുധ സംഘടനകള്‍ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സൗദിയുടെ മുന്‍ ഇന്റലിജന്‍സ് മേധാവിയായ തുര്‍കി അല്‍-ഫൈസല്‍ ആണ് ഇത്തരത്തില്‍ ഒരു സാധ്യതയെക്കുറിച്ച് പ്രസ്താവന നടത്തിയത്. 20 വര്‍ഷത്തിലധികം സൗദിയുടെ ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്നു അദ്ദേഹം. വാര്‍ത്താ മാധ്യമമായ സി.എന്‍.ബി.സിയോടായിരുന്നു പ്രതികരണം.
ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു തുര്‍കി അല്‍-ഫൈസല്‍ പ്രസ്താവന നടത്തിയത്. 20 വര്‍ഷത്തോളം നീണ്ട സൈനിക സാന്നിധ്യത്തിന് ശേഷം യുദ്ധസമാന സാഹചര്യത്തില്‍ അമേരിക്ക അഫ്ഗാനെ ഉപേക്ഷിച്ച് പോകുന്നതിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. ഇത് റിയാദിന് നേരെ ഭാവിയില്‍ അല്‍ ഖ്വയ്ദ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയും തുറക്കുന്നുണ്ട് എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.



