ആലപ്പുഴ: ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന കോളേജ് അധ്യാപികയുടെ പരാതിയില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്.
കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപകനായ രാജീവാണ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ മുന്നില്‍നിന്നതെന്ന് അധ്യാപിക പറഞ്ഞു.
ആദ്യം സഹായിക്കാമെന്ന ഭാവത്തില്‍ പെരുമാറിയ ഇയാള്‍, സഹായം നിരസിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. ഇയാളുടെ കൂടെ കോളേജിലെ ചില അധ്യാപകമാര്‍ സംഘംചേര്‍ന്നാണ് ഉപദ്രവിച്ചതെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് സഹപ്രവര്‍ത്തകരില്‍നിന്ന് അപമാനം നേരിട്ടതെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ പരാതിപ്പെട്ടപ്പോള്‍ ചെങ്ങന്നൂരിലെ കോളേജിലേക്ക് സ്ഥലം മാറ്റിയെന്നും അധ്യാപിക പറഞ്ഞു.