മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ ആക്രമണം: കര്‍ഫ്യൂവും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയും സര്‍ക്കാര്‍

ഷില്ലോങ്: തീവ്രവാദി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ പെട്രോള്‍ ബോംബ് ആക്രമണം. സംഭവത്തില്‍ ആളപായമില്ല. മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ തുടരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,ഷില്ലോങ്ങില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. കിഴക്കന്‍ ഖാസി ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ്, റിഭോയ് ജില്ലകള്‍ എന്നീ നാല് ജില്ലകളിലായി 48 മണിക്കൂര്‍ നേപമാണ് (ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍) ടെലികമ്മ്യൂണിക്കേഷന്‍ സേവനം നിര്‍ത്തിവച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചിട്ടുണ്ട്. ചെറിസ്റ്റര്‍ഫീല്‍ഡ് താന്‍ക്യൂവിന്റെ മരണത്തെത്തുടര്‍ന്നാണ് മേഘാലയയില്‍ വ്യാപക സംഘര്‍ഷമുണ്ടായത്. പൊതുമുതല്‍ നശിപ്പിക്കല്‍, തീവയ്പ്പ് തുടങ്ങി നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി സംസ്ഥാനത്ത് അരങ്ങേറിയത്. മേഘാലയയിലെ സായുധ ഗ്രൂപ്പായ ഹൈനീട്രെപ്പ് നാഷനല്‍ ലിബറേഷന്‍ കൗണ്‍സിലിന്റെ മുന്‍ നേതാവാണ് താന്‍ക്യൂ. മേഘാലയയിലെ ഖാസി ജയന്തിയ എന്ന ആദിവാസി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സായുധ സംഘമാണ് താന്‍ക്യൂവിന്റെ നേതൃത്വത്തിലുള്ള ഹൈനീട്രെപ്പ് നാഷനല്‍ ലിബറേഷന്‍ കൗണ്‍സില്‍.ഷില്ലോങ്ങില്‍ കലാപകാരികള്‍ പോലിസ് വാഹനം അഗ്നിക്കിരയാക്കി. വാഹനത്തിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍, ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. നിരവധി സ്ഥലങ്ങളില്‍ കല്ലേറുമുണ്ടായി.മുന്‍ വിമത നേതാവ് ചെറിസ്റ്റര്‍ഫീല്‍ഡ് താന്‍ക്യൂവിന്റെ വസതിയില്‍ നിയമങ്ങള്‍ മറികടന്ന് പോലിസ് നടത്തിയ റെയ്ഡിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ഈ വിഷയത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അതുകൊണ്ട് ആഭ്യന്തരവകുപ്പിന്റെ ചുമതലയില്‍നിന്ന് അടിയന്തരമായി തന്നെ നീക്കംചെയ്യണം. അത് സത്യം പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്രവും നീതിയുക്തമായ സര്‍ക്കാരിന്റെ അന്വേഷണം സുഗമമാക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →