ടോക്കിയോ: ഗുസ്തി താരം ദീപക് പൂനിയയുടെ വിദേശ കോച്ച് മുറാദ് ഗെയ്ദറോവിന് ടോക്കിയോ ഒളിമ്പിക്‌സില്‍ വിലക്ക്.
റഫറിയെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്നു മുറാദ് ഗെയ്ദറോവിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കിയതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലെ വെങ്കല മെഡലിനായി നടന്ന മത്സരത്തിന് പിന്നാലെയാണ് ഗെയ്ദറോവ് റഫിയെ കൈയേറ്റം ചെയ്തത്.സാന്‍ മാരീനോയുടെ മൈല്‍സ് നാസിം ആമിനോട് 4-2 നു ദീപക് പൂനിയ തോറ്റു. അവസാന നിമിഷം മുന്നില്‍നിന്ന ശേഷമാണ് ദീപക് വെങ്കലം കൈവിട്ടത്. തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഗെയ്ദറോവ് റഫറിമാരുടെ മുറിയിലേക്കു കടന്നു ചെന്നു.
ലോക ഗുസ്തി സംഘടനയായ ഫിലയാണ് സംഭവം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഗെയ്ദറോവിനെതിരേ നടപടിയുണ്ടാകുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേഹ്ത പറഞ്ഞു.