പത്തനംതിട്ട: ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്നത് 16 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ്. ജില്ലയില്‍ ഓണക്കിറ്റ് വിതരണം ജൂലൈ 30ന് ആരംഭിച്ചിരുന്നു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ സപ്ലൈകോയില്‍ നിന്നും പൊതു വിതരണ കേന്ദ്രങ്ങളില്‍ പൂര്‍ണമായും എത്തിച്ചു നല്‍കി. പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും എഎവൈ കാര്‍ഡുകാര്‍ക്കുള്ള 59 ശതമാനം കിറ്റുകള്‍ കാര്‍ഡ് ഉടമകള്‍ ഇതുവരെ വാങ്ങിയിട്ടുണ്ട്. പിഎച്ച്എച്ച്(പിങ്ക്) കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ സപ്ലൈകോയില്‍ നിന്നും പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ഇവ പൂര്‍ണമായും റേഷന്‍ കടകളില്‍ എത്തിക്കും. ഈ രണ്ട് വിഭാഗങ്ങളുടെയും കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചു തീരുന്ന മുറയ്ക്ക് എന്‍പിഎസ് (നീല) എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്കുള്ള കിറ്റുകള്‍ എത്തിക്കും.
ഒരു കിലോ വീതം പഞ്ചസാര, ആട്ട, ശബരി പൊടി ഉപ്പ്, 500 മി.ല്ലി. വെളിച്ചെണ്ണ, 500 ഗ്രാം വീതം ചെറുപയര്‍, ഉണക്കലരി, 250 ഗ്രാം തുവര പരിപ്പ്, 100 ഗ്രാം വീതം തേയില, മുളക്/മുളകുപൊടി, ശര്‍ക്കര വരട്ടി/ഉപ്പേരി, മഞ്ഞള്‍, 180 ഗ്രാം സേമിയ/പാലട, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, 20 ഗ്രാം ഏലക്ക, 50 മി.ല്ലി. നെയ്യ്, ഒന്നു വീതം ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നീ സാധനങ്ങളാണ് ഓണകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍ അറിയിച്ചു