കൊച്ചി : അലങ്കാര പക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പ്പനയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി എറണാകുളത്ത് പിടിയിലായി. വര്‍ക്കല സ്വദേശി മുഹമ്മദ് റിയാസ് ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ നൂറിലേറെ കേസുകള്‍ നിലവിലുണ്ടെടന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അലങ്കാര പക്ഷികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമുളള വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാജ ഐഡിയിലൂടെ അംഗത്വമെടുത്താണ് ഇയാളുടെ തട്ടിപ്പ് . വിലകൂടിയ പക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളുടെ ചിത്രം പോസ്‌റ്റ് ചെയ്‌താണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഞാറക്കല്‍ കുഴിപ്പളളിയിലെ റിട്ടയേര്‍ഡ് നേവി ഉേേദാഗസ്ഥന് ഇയാള്‍ 18,000രൂപക്ക് ഒരു ജോഡി ഗ്രേപാരറ്റിനെ ഓഫര്‍ ചെയ്‌ത് ഗൂഗിള്‍പേ വഴി പണം അഡ്വാന്‍സായി വാങ്ങി . പക്ഷെ മാസങ്ങളായിട്ടും പക്ഷികളെ നല്‍കിയില്ല.
ഗോവ പെറ്റ്‌സ്, ഡെയ്‌സി ഡേവിഡ്, ഷെര്‍ലോക്‌ഹോം എന്നിങ്ങനെ നിരവധി വ്യാജ ഐഡികള്‍ ഉപയോഗിച്ചാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. 2018 ല്‍ ഒരു വ്യാപാരിയില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍. നിവിന്‍ ജോസഫ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥപേര്. നാലുവര്‍ഷം മുമ്പ് മതം മാറി മുഹമ്മദ് റിയാസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഭാര്യയുടെയും മറ്റ് രണ്ട് സുഹൃത്തുക്കളുടെയും പേരിലുളള അക്കൗണ്ടുകളിലാണ് ഇയാള്‍ പണം വാങ്ങിയിരുന്നത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കി.