നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്;

കാസർകോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിഷ്ണുവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. കേസിലെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയില്‍ എത്തിച്ചത്. കാലിന് പരിക്കേറ്റതിനാലാണ് തനിക്ക് വിചാരണയ്ക്ക് എത്താനാവാഞ്ഞതെന്ന് വിഷ്ണു പൊലീസിനെ അറിയിച്ചു. 30/07/21 വെള്ളിയാഴ്ച കാസര്‍കോട്ടെ വീട്ടില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നതില്‍ പ്രധാന സാക്ഷികളിലൊരാളായിട്ടാണ് വിഷ്ണുവിനെ അന്വേഷണ സംഘം കണ്ടിരുന്നത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് ദിലീപിന് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. ഈ കത്ത് ജയിലില്‍ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് വാട്‌സ് അപ്പ് വഴി അയച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ വിഷ്ണു കേസിലെ മാപ്പു സാക്ഷിയാവുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയെങ്കിലും വിഷ്ണു എത്തിയില്ല. തുടര്‍ന്ന് അന്വേഷണം സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും അവിടെയും ഇയാളുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →