നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സഹോദരീ ഭർത്താവ് പിടിയിൽ

ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകള്‍ ഇല്ല. ദേഹത്തു മണല്‍ പറ്റിയിട്ടുണ്ട്. സംഭവശേഷം കാണാതായ സഹോദരീ ഭര്‍ത്താവിനെ പിന്നീട് പൊലീസ് പിടികൂടി. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകമെന്ന് സംശയിക്കുന്ന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും ഇളയമകള്‍ ഹരികൃഷ്ണയാണ് (25) 23/07/21 വെളളിയാഴ്ച മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സാണ് ഹരികൃഷ്ണ. മൂത്തസഹോദരി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടുങ്കല്‍ രതീഷ് (ഉണ്ണി 40) ആണ് ശനിയാഴ്ച രാത്രി ഏഴോടെ ചേര്‍ത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടില്‍ നിന്നു പിടിയിലായത്.

വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കല്‍ കോളജില്‍നിന്നു ജോലി കഴിഞ്ഞു ചേര്‍ത്തലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്നാണു പൊലീസിനു ലഭിച്ച വിവരം. കൊലപാതകമാണോയെന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.

രാത്രി വൈകിയും ഹരികൃഷ്ണ എത്താത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഹരികൃഷ്ണ പറഞ്ഞെങ്കിലും പിന്നീട് ഫോണ്‍ എടുക്കാതായി. വൈകിയെത്തുന്ന ദിവസങ്ങളില്‍ ഹരികൃഷ്ണയെ തങ്കിക്കവലയില്‍നിന്നു സ്‌കൂട്ടറില്‍ വീട്ടിലെത്തിക്കാറുള്ള രതീഷിനെയും ഫോണില്‍ കിട്ടാതായപ്പോള്‍ വീട്ടുകാര്‍ രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ നീതുവിന് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. വീട്ടില്‍ ആരുമില്ലെന്നു തോന്നിയതിനാല്‍ രാത്രി വൈകി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് വീടിനുള്ളില്‍ തറയില്‍ കിടന്ന മൃതദേഹം കണ്ടത്. കിടപ്പുമുറിയോടു ചേര്‍ന്നുള്ള മുറിയിലായിരുന്നു മൃതദേഹം. ഹരികൃഷ്ണ അവിവാഹിതയാണ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →