എറണാകുളം : വാക്സിൻ ലഭിക്കുന്നതിൽ അസമത്വം ഒഴിവാക്കാൻ ‘വേവ് ‘ വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പയിൻ

എറണാകുളം : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ‘വേവ് –  വാക്സിൻ സമത്വത്തിനായി മുന്നേറാം’എന്ന പേരിൽ വാക്സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും. വാക്സിൻ ലഭിക്കുന്നതിൽ ഉണ്ടായേക്കാവുന്ന അസമത്വം ഒഴിവാക്കാനാണ് പ്രത്യേക ക്യാമ്പയിൻ. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലും  ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കാത്ത ദരിദ്ര വിഭാഗങ്ങളിലുമുള്ള  ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരെ വാക്സിനേഷന്റെ ഭാഗമാക്കി മാറ്റുന്നതാണ്  പദ്ധതി.  ആശാവർക്കർമാരുടെ സേവനം ഉപയോഗിച്ചാണ്  ക്യാമ്പയിൻ നടത്തുക. വാർഡ് തലത്തിലാകും രജിസ്ട്രേഷൻ പ്രക്രിയ നടത്തുന്നത്. 

ജൂലായ് 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകെണ്ട്, ഗൃഹ സന്ദർശനങ്ങൾ വഴിയോ ഒരു പൊതു സ്ഥലത്തോ രജിസ്ട്രേഷനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഓരോ  വാർഡിലും വാക്സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശാ വർക്കർമാർ ഉറപ്പ് വരുത്തും. ഇതുകൂടാതെ സ്മാർട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റർ ചെയ്യാൻ ആശാവർക്കർമാർ പ്രോത്സാഹിപ്പിക്കും. ആ പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്‌ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നതിനുള്ള ചുമതല. ആവശ്യമെങ്കിൽ ദിശ കോൾ സെന്ററിൽനിന്ന് കൂടുതൽ സഹായം സ്വീകരിക്കും. ജില്ലാ – ബ്ലോക്ക് ടാസ്‌ക് ഫോഴ്സും രജിസ്‌ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്സിൻ സ്‌റ്റോക്കിന്റെ ലഭ്യത അടിസ്ഥാനമാക്കി ഇവർക്ക് വാക്സിൻ നൽകും. ജില്ലയിൽ നിന്നോ താഴെ തലത്തിൽ നിന്നോ വാക്സിനേഷന്റെ ഷെഡ്യൂളിംഗ് നടത്തുകയും വ്യക്തികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ അറിയിക്കുകയും ചെയ്യും.

Share
അഭിപ്രായം എഴുതാം