അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്ക് കൂടുതൽ വിവരങ്ങൾ അറിയാമെന്ന് കസ്റ്റംസ്, വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ അര്‍ജുന്റെ ഭാര്യ അമലയ്ക്ക് അറിയാമായിരുന്നു എന്ന വിലയിരുത്തലിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. 15/07/21 വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് അമലയോട് കസ്റ്റംസ് നിര്‍ദേശിച്ചിരിക്കുന്നത്.

അര്‍ജുന്റെ സ്വര്‍ണക്കടത്ത് ബന്ധങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു നേരത്തെ അമല നല്‍കിയ മൊഴി. എന്നാല്‍ തെളിവുകള്‍ ഇതിന് വിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. അര്‍ജുന്‍ അയങ്കിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമലുടെതാണ് ഈ ഡയറിയെന്നാണ് വിവരം. ഇതുള്‍പ്പെടെ വിലയിരുത്തിയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കസ്റ്റംസ് അമലയ്ക്ക് നോട്ടിസ് നല്‍കിയിട്ടുള്ളത്.

അതിനിടെ, വ്യാഴാഴ്ച കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തനിക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവില്ലെന്നും കസ്റ്റംസ് തന്നെ വേട്ടയാടുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. നേരത്തെ കസ്റ്റഡിയില്‍ കസ്റ്റംസ് തന്നെ മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി അര്‍ജുനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →