സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശിയെ വിട്ടയച്ചു; നേരിട്ടത് ക്രൂര പീഡനങ്ങൾ

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശിയെ വിട്ടയച്ചു. ക്രൂര പീഡനങ്ങളാണ് മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫ് (35) അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് എന്നാണ് റിപ്പോർട്ട്.

കൊയിലാണ്ടി ഊരള്ളൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് നിന്നും 14/07/21 ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്. ഇയാളെ ഇവിടെ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു എന്നാണ് വിവരം. ഇയാളെ മാവൂരിലെ ഒരു മരമില്ലില്‍ ആണ് 13/07/21 ചൊവ്വാഴ്ച മുഴുവന്‍ തടവില്‍ വച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അക്രമി സംഘത്തില്‍ നിന്നും കൊടിയ പീഡനമാണ് അഷറഫ് നേരിട്ടതെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അഷറഫിന്റെ ഇടത് കാല്‍ ഒടിഞ്ഞ നിലയിലാണ്, ശരീരത്തില്‍ ബ്ലേഡുകൊണ്ട് കീറുമുറിച്ചിട്ടുമുണ്ട്. മര്‍ദനമേറ്റതിന്റെ പാടുകളും ഇയാളുടെ ശരീരത്തിലുള്ളത്. പരിക്കേറ്റ അഷറഫ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ഇയാളുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കെ വീണ്ടും തട്ടിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അഷറഫിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ പൊലീസിനെ സമീപിച്ചത്. അടുത്തിടെ വിദേശത്ത് നിന്നും നാട്ടിലെത്തിയ വ്യക്തിയായിരുന്നു അഷറഫ്. നേരത്തെ സ്വര്‍ണക്കടത്തുമായി അഷറഫിന് ബന്ധമുണ്ടായിരുന്നതിനാല്‍ സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ ആണെന്ന് തന്നെ ആ്‌യിരുന്നു പൊലീസ് നിഗമനം. തട്ടിക്കൊണ്ട് പോവലിന് പിന്നില്‍ കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണെന്നാണ് ആരോപണം.

അഷറഫ് സ്വര്‍ണം കൊണ്ടുവന്നിരുന്നു എന്നും ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നുമായിരുന്നു സഹോദരന്റെ പരാതി. അഷറഫിന്റെ സഹോദരന്‍ സിദ്ദീഖാണ് പരാതിയുമായി കൊയിലാണ്ടി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ വടകര റൂറല്‍ എസ്പി യുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അഷറഫിനെ കണ്ടെത്തിയത്

Share
അഭിപ്രായം എഴുതാം