മൂന്നുമാസം മുമ്പ് കേരള മനഃസാക്ഷിയെ നടുക്കി കൊച്ചിയിൽ പതിമൂന്നുകാരിയായ മകൾ വൈഗയെ പിതാവ് സനുമോഹൻ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 236 പേജുള്ള കുറ്റപത്രത്തിൽ സനു മോഹനെതിരെ ഗുരുതര ആരോപണമാണുള്ളത്. 1,200 പേജുള്ള കേസ് ഡയറിയും പൊലീസ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ 09/07/2021 വെള്ളിയാഴ്ച സമർപ്പിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, ലഹരിക്കടിമയാക്കൽ, ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുളള കുറ്റങ്ങൾ എന്നിവയും സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്.
മകളെ കൊലപ്പെടുത്തിയശേഷം മറ്റെവിടെയെങ്കിലും പോയി ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നാണ് അന്തിമ റിപ്പോർട്ടിലുളളത്. വലിയ കടബാധ്യതയുണ്ടായിരുന്ന സനു മോഹൻ അതിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. മകൾ ജീവിച്ചിരുന്നാൽ ബാധ്യതയാകുമെന്നും സനുമോഹൻ കരുതി.
കൊച്ചിയിലെ ഫ്ലാറ്റിൽവെച്ച് മുഖം തുണികൊണ്ട് മൂടിയശേഷം ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ്സനു മോഹനെതിരായ കുറ്റം. മരിച്ചെന്ന് കരുതി പിതാവ് തന്നെ കുട്ടിയെ പെരിയാറിൽ എറിഞ്ഞു. എന്നാൽ വെളളത്തിൽ വീണ ശേഷമാണ് വൈഗ മരിച്ചതെന്നും ഫൊറൻസിക് പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് മുമ്പ് മദ്യം നൽകി മകളെ ബോധം കെടുത്താനും പിതാവ് ശ്രമിച്ചിരുന്നു.