ആലപ്പുഴ: ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകുന്നു. സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് വിജയാമൃതം എന്ന പേരിലെ സ്കോളർഷിപ്പ്. ബിരുദത്തിന് ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനവും, സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും നേടിയവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകളില്‍ 60 ശതമാനം മാർക്കാണ് യോഗ്യത. ഒരു ജില്ലയിൽ നിന്നും 15 വിദ്യാർത്ഥികൾക്കാണ് പുരസ്ക്കാരം. ബിരുദ വിദ്യാർത്ഥികളായ 10 പേർക്ക് 8000 രൂപയും, പി.ജി., പ്രൊഫഷണൽ കോഴ്സ് പാസായവർക്ക് 10000 രൂപയുമാണ് നൽകുക. സർട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയും ഉണ്ടാകും.
അപേക്ഷകർ സർക്കാര്‍ സ്ഥാപനങ്ങളിലോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിലോ (പാരലൽ കോളേജ് , വിദൂര വിദ്യാഭ്യാസം വഴിയോ കേരള സർക്കാര്‍ അംഗീകരിച്ച കോഴ്സ് ) നിന്ന് വിജയിച്ചവരായിരിക്കണം. ആദ്യ അവസരത്തിൽ പരീക്ഷകൾ പാസായിരക്കണം. ഒരേ യോഗ്യതയുള്ള ഒന്നിലധികം പേർ ഉണ്ടെങ്കിൽ വൈകല്യ തോത് കൂടുതലുള്ളവർക്ക് മുൻഗണന നൽകും. അർഹതപ്പെട്ട എല്ലാവരും സെപ്തംബര്‍ 30 ന് മുമ്പ് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. പ്രൊഫഷണൽ കോഴ്സ് അപേക്ഷകരുടെ എണ്ണം കുറവാണെങ്കില്‍ ബിരുദ വിഭാഗത്തിലെ അർഹതയുള്ളവർക്ക് അവാർഡ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസർ, ആലപ്പുഴ. ഫോണ്‍: 04772253870.



