വിസ്‌മയ കേസില്‍ കിരണിന്‌ ജാമ്യം അനുവദിക്കണമെന്ന വാദവുമായി ആളൂര്‍ കോടതിയില്‍

കൊല്ലം: വിസ്‌മയ കേസില്‍ ഭര്‍ത്താവ്‌ കിരണിന്‌ ജാമ്യം അനുവദിക്കണമെന്ന്‌ വാദവുമായി അഡ്വ. ആളൂര്‍ കോടതിയില്‍. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ വിധിപറയാന്‍ ഈമാസം 5 ലേക്ക് മാറ്റി. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ കേസന്വേഷണം പുരോഗമിക്കുന്നതെന്നും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. ബിഎ ആളൂര്‍ കോടതിയില്‍ വാദിച്ചു. വീടുകളില്‍ സാദാരണയായി ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന തരത്തിലുളള ചെറിയ വഴക്കുമാത്രമേ കിരണ്‍ -വിസ്‌മയ ദമ്പതികള്‍ തമ്മിലും ഉണ്ടായിട്ടുളളുവെന്നും ആളൂര്‍ വാദിച്ചു. ശാസ്‌താംകോട്ട കോടതിയിലായിരുന്നു വാദം.

അതേസമയം കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക്‌ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിന്‌ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വാദം. ഓള്‍കേരള മെന്‍സ്‌ അസോസിയേഷന്‍പ്രവര്‍ത്തകര്‍ കേസില്‍ കിരണിന്‌ പിന്‍തുണ പ്രഖ്യാപിച്ച്‌ പ്ലാക്കാര്‍ഡുകളുമേന്തി കോടതി പരിസരത്ത്‌ നിലയുറപ്പിച്ചിരുന്നു.

2021 ജൂണ്‍ മാസം 19ന്‌ പുലര്‍ച്ചെയാണ്‌ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ ടൗവ്വല്‍ ഉപയോഗിച്ച്‌ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ വിസ്‌മയയുടെ ജഡം കാണപ്പെട്ടത്‌. സംഭവത്തിന്‌ ശേഷം വീട്ടില്‍ നിന്ന്‌ മാറി നിന്ന കിരണ്‍ പോലീസ്‌ അന്വേഷണം മുറുകിയതോടെ ശൂരനാട്‌ സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ്‌ പോലീസ്‌ ആദ്യം കേസെടുത്തിരുന്നത്‌. ഗാര്‍ഹിക പീഠനം നടന്നതായി തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ചുളള വകുപ്പുകള്‍കൂടി ചേര്‍ത്ത്‌ കിരണിനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിലെത്തിയ പോലീസ്‌ സംഘം ഡമ്മിപരീക്ഷണമടക്കമുളള ശാസ്‌ത്രീയ പരീക്ഷണങ്ങളും നടത്തിയിരുന്നു. വിസ്‌മയക്ക്‌ ജനലിന്റെ കമ്പിയില്‍ സ്വയം കുരുക്കിട്ട്‌ തൂങ്ങാനാവില്ലെന്നും കൊന്നശേഷം കിരണ്‍ കെട്ടിത്തൂക്കിയതാവുമെന്നും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ്‌ പോലീസ്‌ ഡമ്മി പരീക്ഷണത്തിന്‌ തയ്യാറായത്‌. ഇത്‌ ,സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.

രാത്രിയില്‍ താനും ഭാര്യയും തമ്മില്‍ വഴക്കുണ്ടായതായും ഇതിനുശേഷം വിസ്‌മയ ബാത്ത്‌റൂമില്‍ കയറി കതകടച്ചുവെന്നും ഏറെനേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ നോക്കിയപ്പോള്‍ തൂങ്ങിനില്‍ക്കുന്നത്‌ കണ്ടു എന്നുമാണ്‌ കിരണ്‍ പോലീസില്‍ നല്‍കിയിട്ടുളള മൊഴി. കെട്ടഴിച്ച്‌ താഴെയിറക്കിയെന്നും ഉടന്‍ ശാസ്‌താംകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിച്ചുവെന്നും ഇവിടെവച്ചാണ്‌ മരണം സ്ഥിരീകരിച്ചതെന്നും കിരണ്‍ പോലീസിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നു.

2020 മെയ്‌ 31നായിരുന്നു.കിരണും വിസ്‌മയയും തമ്മിലുളള വിവാഹം. വിവാഹശേഷം വലിയ സന്തോഷത്തിലായിരുന്നു ഇവരുടെ ദാമ്പത്യം മുന്നോട്ടുപോയിരുന്നതെന്നാണ്‌ വിശ്വസിച്ചിരുന്നതെന്നും എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ മദ്യപിച്ച് ലക്കുകെട്ട കിരണ്‍ അക്രമാസക്തനായത്‌ കാണേണ്ടി വന്നുവെന്നും വിസമയയുടെ മരണത്തിന്‌ പിന്നാലെ ഉറ്റവര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →