ദാമ്പത്യ ജീവിതം നിരാശയാകുമ്പോൾ മരണമാണോ പ്രതിവിധി?

ജീവിച്ച് കൊതി തീരും മുമ്പേ അവർക്ക് യാത്രയാവേണ്ടി വന്നത് എന്ത്കൊണ്ട് ?
വിസ്മയ , അർച്ചന , സുചിത്ര , നിങ്ങൾ എന്തിനിതു ചെയ്തു. രണ്ടുദിവസത്തിനുള്ളിൽ അവർ മൂന്ന് പേർ മരണത്തിനെ കൂട്ടുപിടിച്ചത് എന്തിനുവേണ്ടിയായിരുന്നു? ആർക്കുവേണ്ടിയായിരുന്നു.

ദാമ്പത്യത്തിന്റെ മധുരം നുകരും മുമ്പേ ജീവിതത്തിന്റെ കൈപ്പുനീർ കുടിച്ച് അവർ യാത്രയായത് ജീവിക്കാനുള്ള ആഗ്രഹമില്ലാത്തത് കൊണ്ടാവില്ല. ജീവിക്കാനുള്ള അവസരം നിഷേധിച്ചത് കൊണ്ടാണ്.വിസ്മയയും സുചിത്രയും ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചപ്പോൾ അർച്ചന അഗ്‌നിക്ക് ഇരയാവുകയായിരുന്നു.

ബന്ധങ്ങളെ പണം കൊണ്ട് അളന്നെടുക്കുമ്പോൾ കിട്ടുന്നത് മരണം മാത്രമാണ്, നമ്മുടെ സമൂഹത്തിൽ ഓരോ കൊലപാതകങ്ങളും നടക്കുന്നത് പണത്തിനും പെണ്ണിനും വേണ്ടിയാണ്.

സ്വന്തം കീശയിൽ ഒതുങ്ങി കഴിയേണ്ട പണം ലഹരിയായി തലയ്ക്ക് പിടിക്കുമ്പോഴാണ് പണം മാത്രമാണ് ജീവിതം എന്ന തോന്നൽ വരുന്നത്, ഇവിടെ ഇത്തരം മരണങ്ങൾ ആദ്യത്തേതുമല്ല ,അവസാനത്തേതുമല്ല , ഒന്നിന് പിറകെ ഒന്നായി പല രൂപങ്ങളിലും പല ഭാവങ്ങളിലും ഇത്തരം കൊലപാതകങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു. എന്നും കൂടെയുണ്ടാവുമെന്ന വിശ്വാസത്തിൽ ഒന്നായി തീരുന്ന മനസുകളിൽ വിശ്വാസം നഷ്ടപെട്ടു തുടങ്ങുമ്പോൾ തന്നെ അകന്നു പോവുന്നതാണ് ഇന്നിന്റെ ഈ ലോകത്ത് നല്ലത്.

സ്നേഹം തളർത്താനോ തകർക്കാനോ ഉള്ളതല്ല, അത് തളിർത്ത് ചെടിയായി പൂവായി കായായി മാറി വീണ്ടും അത് വിത്തായി തീരുമ്പോഴേ അത് ജന്മജന്മാന്തര ബന്ധമായി ഉള്ളിൽ എന്നും നിറഞ്ഞു നിൽക്കുകയുള്ളൂ.

അടച്ചിട്ട മുറിയിലെ പരസ്പര ബന്ധമില്ലാത്ത രണ്ടാത്മാക്കളിലൂടെ സ്നേഹത്തിന് പുഷ്പിക്കാനാവില്ല.മനസ് തുറന്ന് സംസാരിക്കാതെ സ്നേഹത്തിനെ മനസിലാക്കാനും പറ്റില്ല.

സ്നേഹത്തിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എവിടെയൊക്കെയോ മരണത്തിന്റെ കാലൊച്ച കേൾക്കുന്നു , പതിയിരിക്കുന്ന മരണ ചുഴിയിലേക്ക് എടുത്തെറിയാൻ പാതിമെയ്യായി തീരുന്നവർ തന്നെ കാരണമാവുന്നു. കൂടെ നിൽക്കുമ്പോഴും ബന്ധങ്ങളുടെ ഹൃദയത്തിന് പുറത്ത് ജിവിക്കേണ്ടി വരുന്നതാണ് ഒട്ടുമിക്ക ജീവിതങ്ങളും.

പുതുജീവിതത്തിലേക്ക് കാലെടുത്തു വെച്ച ഇവർക്ക് മരണം സമ്മാനമായി ലഭിച്ചപ്പോൾ അത് തട്ടിക്കളയാൻ ഇവർക്ക് കഴിയാതെ പോയത് കൂടെ നിൽക്കാൻ ആരുമില്ല എന്ന തോന്നലായിരിക്കാം. ആഗ്രഹിച്ച ദാമ്പത്യ ജീവിതം ലഭിച്ചില്ലെങ്കിൽ മരണം പരിഹാരമായി കണ്ടത് അതിനോട് പ്രതികരിക്കാനുള്ള ശക്തിയില്ലാതായത് കൊണ്ടാവില്ലേ.ആയിരിക്കാം, അങ്ങിനെയെങ്കിൽ മക്കൾക്ക് പ്രതികരണ ശേഷി ലഭിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ്. സ്വന്തം കുടുംബത്തിൽ നിന്നാണ്. സ്വന്തം മാതാപിതാക്കളിൽ നിന്നാണ്. അതിലുപരി ഈ സമൂഹത്തിൽ നിന്നാണ്.

എന്നാൽ വിവാഹ പ്രായമായ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ മാതാപിതാക്കളുടെഎല്ലാ ഉത്തരാവാദിത്വങ്ങളും കഴിഞ്ഞു എന്നൊരു തോന്നൽ ഇന്ന് നമ്മുക്കിടയിലുണ്ട്. സ്വന്തം വീട്ടുകാരുടെ ആ തോന്നലാണ് ദാമ്പത്യം നിരാശയായി മാറുന്ന പെൺകുട്ടികൾക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കുന്നത്.

സുഖദുഃഖങ്ങൾ കൂടിക്കലർന്ന ജീവിത യാഥാർത്ഥ്യത്തെ പൂർണമായ രീതിയിൽ ഉൾക്കൊണ്ട് മരണം വരെ പരസ്പരം അകമ്പടി സേവിക്കാം എന്ന ഉടമ്പടിയാണ് ദാമ്പത്യമെങ്കിൽ ആ ദാമ്പത്യ ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടു പോവുക എന്നതാണ് ദാമ്പത്യത്തിന്റെ അടിത്തറയെങ്കിലും ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോകുന്നതാണ് ദാമ്പത്യത്തിന്റെ മനോഹാരിതയെങ്കിലും പിണക്കങ്ങളിൽ തട്ടി കാലിടറി വീഴും എന്ന് തോന്നുമ്പോൾ , പിടിച്ചുനിൽക്കാൻ ഒട്ടും പറ്റുന്നില്ല എന്നാണെങ്കിൽ, ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ല എന്ന് മനസിലാക്കിയാൽ നിങ്ങൾക്ക് തിരികെ വരാം നിങ്ങളുടെ സ്വന്തം വീട്ടിലേക്ക്.

ശൈശവം ബാല്യം കൗമാരം എന്നി വഴികളിലൂടെ നടന്ന് യൗവനത്തിലേക്ക് എത്തിയ നിങ്ങളെ ദാമ്പത്യത്തിന്റെ പടികൾ കയറാനായി കൂടെയുണ്ടായിരുന്ന നിങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്ക് . ഇത് ഓരോ മാതാപിതാക്കളും മക്കൾക്ക് പകർന്നു കൊടുത്താൽ ഒരുപക്ഷേ ഇന്ന് കാണുന്ന പീഢന മരണ കുരുക്കിൽ നിന്നും ഒരുപാട് ജീവിതങ്ങളെ യാഥാർത്ഥ്യങ്ങളിലേക്ക് കൈപിടിച്ചു കയറ്റാൻ സാധിക്കുമായിരിക്കാം.

ദാമ്പത്യം നിരാശ ആകുമ്പോൾ മരണം പരിഹാരമല്ല എന്ന് നമുക്കു മുന്നിൽ കാണിച്ചു തന്ന ആനിശിവയെ പോലെ കരുത്തുറ്റ മനസ്സിന്റെ ഉടമകളാവാൻ ഓരോ പെൺകുട്ടിക്കും കഴിഞ്ഞിരുന്നെങ്കിൽ ഇത്തരം പീഢനത്തിൽ നിന്ന് നമ്മുടെ നാട് എന്നേ മുക്തി നേടിയേനെ.

ഏതുനിമിഷവും നശിക്കുന്നതും കൈ മാറ്റപ്പെടുന്ന തുമായ സ്വത്തിനും , ഇന്ന് നമ്മുടെ കയ്യിൽ വന്നു നാളെ നമ്മുടെ കയ്യിൽ നിന്നും പോവുന്ന പണത്തിനും വേണ്ടി ആർത്തിപൂണ്ടിരിക്കുന്ന കാപാലികരുടെ കൈകളിൽ നിന്നും സ്വതന്ത്രരായി പോവേണ്ടത് മരണത്തിലേക്കല്ല . നീങ്ങൾക്ക് മുമ്പിൽ നീണ്ട് നിവർന്ന് നിൽക്കുന്ന ജീവിത നാൾവഴിയിലേക്ക് തന്നെയാവണം.

കാലാകാലങ്ങളായി സ്ത്രീധന പീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ഓരോ പെൺകുട്ടികളും മനസിലാക്കുക, നിങ്ങൾക്കു മുൻപേ ഈ വഴിയിലൂടെ മരണത്തിന്റെ കൈപിടിച്ച് നടന്നു പോയ ഓരോരുത്തർക്കും നഷ്ടപ്പെട്ടത് അവരുടെ ജീവിതമാണ്. നിങ്ങൾ മരിച്ചത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കുന്നില്ല.ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്. അത് പാതിവഴിയിൽ ഉപേക്ഷിക്കുന്നത് മണ്ടത്തരമാണ്.

ജീവിതം എന്ന വിദ്യാലയത്തിൽ നിന്ന് അനുഭവമെന്ന പാഠപുസ്തകത്തിലൂടെ നേടുന്ന അറിവിലൂടെ ഓരോ പെൺകുട്ടിയും ജീവിക്കാൻ പഠിക്കണം. അനുഭവത്തിന്റെ ഓളങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന്റ പങ്കായം നമ്മുടെ കൈകളിൽ ഉണ്ടെങ്കിൽ ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാൻ നമുക്ക് സാധിക്കും.

ബന്ധങ്ങളെക്കാൾ മൂല്യം പണത്തിന് നൽകി കൊണ്ട് പണം കൊണ്ട് ബന്ധങ്ങളെ കീറിമുറിച്ച് അതിന്റെ കാതലായ ഭാഗം മാത്രം എടുത്ത് ബാക്കിയുള്ളതിനെ ചവറ്റുകുട്ടയിലെറിയുന്ന അനീതി ഇനി ഈ മണ്ണിൽ ഇല്ലാതിരിക്കട്ടെ , അതിനായി ബന്ധങ്ങൾക്ക് വില നിശ്ചയിച്ച് മനുഷ്യബന്ധങ്ങളുടെ വില നശിപ്പിക്കുന്ന ഇത്തരം ധനമോഹികൾ ഇനിയും ഭൂമിയിൽ പിറക്കാതിരിക്കട്ടെ.

പണത്തേക്കാൾ വലുത് മനസ്സമാധാനമാണ്.സ്നേഹമുള്ളിടത്തേ സമാധാനം ഉണ്ടാവുകയുള്ളൂ. നൂറു ജന്മത്തിലേക്കുള്ള സമ്പാദ്യത്തെക്കാൾ ഒരു ജന്മത്തിലേക്കുള്ള സ്നേഹമാണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത്.

Share

About നസീറ ബക്കർ

View all posts by നസീറ ബക്കർ →