ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ

എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമുണ്ട് എന്നതുസംബന്ധിച്ച് അധ്യാപക-രക്ഷാകര്‍തൃ സമിതി വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പയിനിന്റെ ഭാഗമായി കോമണ്‍ ഗുഡ് ഫണ്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കും. സഹകരണ ബാങ്കുകള്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ജില്ലകളില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിക്കാന്‍ ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവരുടെ വിപുലമായ യോഗം ജൂലായ് ആദ്യവാരം മുഖ്യമന്ത്രി വിളിക്കും.

ഡിജിറ്റല്‍ പഠനവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →