ഇനി എല്ലാം വിരൽത്തുമ്പിൽ : പുതിയ പദ്ധതികളുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്ബളവും സര്‍വീസ് സംബന്ധമായ വിവരങ്ങളും ഇനി മുതല്‍ ഓണ്‍ലൈനായി ലഭ്യമാകും. ജി-സ്പാര്‍ക്ക് സേവനം വഴിയാണ് വിവരങ്ങള്‍ ലഭ്യമാകുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നതു പോലെ തന്നെ ഇനി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും അവരുടെ ലീവ്, ശമ്പളം, പി.എഫ് തുടങ്ങിയ എല്ലാ വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാകും.

ഓരോ ജീവനക്കാരനും സ്വന്തമായ യൂസര്‍ ഐഡി ഉപയോഗിച്ച്‌ പി.എഫ് സബ്‌സ്‌ക്രിപ്ഷന്‍ വിവരങ്ങള്‍, ശമ്പള ബില്‍ എന്നിവ കാണാനും കോപ്പി എടുക്കാനും സാധിക്കും. കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും മാനേജ്‌മെന്റ് തല നയരൂപീകരണത്തിന് എളുപ്പത്തില്‍ ലഭ്യമാകും.
ജി സ്പാര്‍ക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനവും, ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവുമാണ് കെഎസ്‌ആര്‍ടിസി.


കെഎസ്‌ആര്‍ടിസിയെ ജി- സ്പാര്‍ക്കിന്റെ ഉദ്ഘാടനം ജൂലൈ 2 ന് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും. കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കൊമേഷ്യല്‍ വിഭാഗവും രൂപീകരിക്കും. ലോജിസ്റ്റിസ് & കൊറിയര്‍, അഡ്വര്‍ടൈസ്‌മെന്‍റ്, ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്‌സുകളിലെ സ്ഥാപനങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ ഉള്‍പ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യല്‍ വിഭാഗം ആരംഭിക്കുന്നത്.

ഇതിനായുള്ള അഞ്ചു ദിവസത്തെ മാര്‍ക്കറ്റിങ് ഓറിയന്റേഷന്‍ ട്രെയിനിങ് പ്രോഗ്രാമിന് എസ്. സി. എം. എസ് സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റില്‍ തുടക്കമായി. ലോജിസ്റ്റിക്‌സ് ആന്‍ഡ് കൊറിയര്‍ സര്‍വീസ് ഉള്‍പ്പെടെ വിവിധ ഡിപ്പോകളിലെ വരുമാന വര്‍ദ്ധനവുണ്ടാക്കുന്ന മേഖലകളുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമാണ് പരിശീലനം. കെ. എസ്. ആര്‍. ടി. സിയിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുക.

Share
അഭിപ്രായം എഴുതാം