തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഷാഹിത കമാലിനെതിരെ ഡിജിപിക്ക് പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യതകള്‍ അവകാശപ്പെടുകയും അതുവഴി ജനങ്ങളെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കുകയും ആണ് ഷാഹിത കമാല്‍ ചെയ്‌തിരിക്കുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ബികോം പരീക്ഷ പാസാകാത്ത ഷാഹിത കമാലിന് എങ്ങനെ ഡോക്ട്രേറ്റ് ലഭിച്ചുവെന്ന് ഒരു പ്രമുഖമാദ്ധ്യമം നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയായത്. 2009ലും 2011ലും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്‌മൂലത്തിലും ബികോം ബിരുദം മാത്രമാണ് ഷാഹിത കാണിച്ചിരുന്നത്. 1987-90 കാലത്ത് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ ബികോം പഠിച്ചെങ്കിലും പരീക്ഷ പാസായില്ലെന്ന് പിന്നാലെ ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ഷാഹിത വ്യക്തമാക്കുന്നു.
ഭര്‍ത്താവിന്റെ മരണശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും അവകാശപ്പെടുന്നു. എന്നാല്‍ ഏതുവര്‍ഷമാണ് ഈ ബിരുദങ്ങള്‍ നേടിയതെന്നോ ഏത് സര്‍വകലാശാലയില്‍ നിന്നാണെന്നോ വിഡിയോയില്‍ ഷാഹിത വ്യക്തമാക്കിയിട്ടില്ല ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തനിക്ക് ഡിലിറ്റ് ലഭിച്ചതെന്നാണ് ഷാഹിതയുടെ വിശദീകരണം.