കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ഊര്‍ജിതമായിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി കേസില്‍ അന്വേഷണ സംഘം തിരയുന്ന അര്‍ജുന്‍ ആയങ്കി. സിപിഐഎം, ഡിവൈഎഫ്‌ഐ അംഗത്വം ഇല്ലാത്ത ആളാണ് താനെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെന്നും അര്‍ജുന്‍ ആയങ്കി പറയുന്നു.
‘മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പര്‍ഷിപ്പിലോ പ്രവര്‍ത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാന്‍ യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആ പാര്‍ട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്. മാധ്യമങ്ങള്‍ പടച്ചുവിടുന്ന അര്‍ദ്ധസത്യങ്ങള്‍ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതല്‍ കാര്യങ്ങള്‍ വഴിയേ പറയാം,’ അര്‍ജുന്‍ ആയങ്കി വ്യാഴാഴ്ച(24/06/21) രാത്രി അജ്ഞാത കേന്ദ്രത്തിൽ നിന്നും ഫേസ്ബുക്കില്‍ കുറിച്ചു.
രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയേയും സുഹൃത്ത് ആകാശ് തില്ലങ്കേരിയേയും സിപിഐഎം തള്ളിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സിപിഐഎം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യാഴാഴ്ച പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജൂലൈ അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 3800 കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കി.



