ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ നടത്തുന്നതിൽ എതിർപ്പ് ഉണ്ടെങ്കിൽ വിദ്യാർഥികൾക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി 24/06/21 വ്യാഴാഴ്ച വ്യക്തമാക്കി. സെപ്റ്റംബർ ആറ് മുതൽ 16 വരെയാണ് പരീക്ഷ നടത്താൻ കേരളം തീരുമാനിച്ചിരുന്നത്.
പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നത് വിദ്യാർഥികളുടെ പ്ലസ്ടു പരീക്ഷാ ഫലത്തെ ബാധിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസൽ ജി. പ്രകാശ് കോടതിയെ അറിയിച്ചു. പ്ലസ് വൺ പരീക്ഷാഫലം വൈകിയാലും അത് വിദ്യാർഥികളുടെ തുടർ പഠനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ പ്ലസ്ടു ക്ലാസിലെ പഠനം ആരംഭിച്ച വിദ്യാർഥികൾക്ക് പ്ലസ് വൺ പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ ചൂണ്ടിക്കാട്ടി. എല്ലാവർക്കും ഓൺലൈൻ പഠനം പ്രാപ്യമല്ലാത്തതിനാൽ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ പതിനൊന്നാം ക്ലാസ്സിലെ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടില്ലെന്ന് കോടതി വ്യക്തമാക്കി. കോവിഡ് സാഹചര്യം മെച്ചപ്പെട്ട ശേഷം പ്ലസ് വൺ പരീക്ഷ നടത്തുന്നതിൽ തെറ്റില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വിദ്യാഥികൾക്ക് ആവശ്യമായ സമയം നൽകേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ആന്ധ്ര പ്രദേശിനോട് സുപ്രീം കോടതി കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചു. ഡെൽറ്റ പ്ലസ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് മാത്രമേ പ്ലസ്ടു പരീക്ഷ നടത്താൻ അനുവദിക്കുകയെന്നും കോടതി വ്യക്തമാക്കി.